vijay-mallya

ലണ്ടൻ: ഫ്രഞ്ച് ദ്വീപായ ഇൽ സെയിന്ത് മാർഗുറീത്തിൽ മദ്യരാജാവ് വിജയ് മല്യയുടെ 17 കിടപ്പറകളുള്ള പടുകൂറ്റൻ കൊട്ടാരം ജീർണിച്ച നിലയിൽ. 1.3 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ പടുകൂറ്റൻ വസതിയിൽ കിടപ്പറകളെ കൂടാതെ സിനിമാ തീയറ്റർ, ഹെലിപാഡ്, നൈറ്റ് ക്ലബ്ബ് എന്നിവയും ഉണ്ട്. എന്നാൽ നിലവിൽ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഖത്തർ നാഷണൽ ബാങ്കിന്റെ യൂണിറ്റുകളിൽ ഒന്നായ ആൻസ്ബാഷർ ആൻഡ് കോയിൽ നിന്നും 30 ബില്ല്യൺ ഡോളർ ലോണെടുത്ത് കൊണ്ടാണ് മല്ല്യ ഈ സൗധം വാങ്ങിയത്.

എന്നാൽ മല്യ ഇത് തിരിച്ചടയ്ക്കാൻ തയാറാകാത്തത് കാരണം ബാങ്ക് നിലവിൽ മല്യയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. കടം തിരിച്ചടയ്ക്കാനുള്ള അവധി നീട്ടി നൽകണം എന്ന് കാണിച്ച് മല്യ നൽകിയ അപേക്ഷ കണക്കിലെടുത്ത് ബാങ്ക് പ്രതിനിധികൾ വീട് സന്ദർശിച്ചിരുന്നു. എന്നാൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവർ അവിടെ കണ്ടത്ത്. ഏതാണ്ട് പൂർണമായും നാശത്തിന്റെ വക്കിലായിരുന്ന ഈ 'മാൻഷ'ന്റെ മൂല്യത്തിൽ 10 മില്ല്യൺ ഡോളറിന്റെ ഇടിവും സംഭവിച്ചിട്ടുണ്ട്.

പരിചയസമ്പന്നരല്ലാത്ത ജോലിക്കാർ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ മഹാസൗധത്തിനെ ദോഷകരമായാണ് ബാധിച്ചതെന്ന് ബാങ്കിനെ പ്രതിനിധീകരിക്കുന്ന അതിഭാഷകനും സമ്മതിക്കുന്നു. അതിനാൽതന്നെ ബാങ്ക് നൽകിയ പണം മല്യയുടെ ഈ വീട് വിറ്റുകൊണ്ട് തിരിച്ചുപിടിക്കാൻ സാധിക്കില്ല. ഈ കാരണം കൊണ്ട്, മല്ല്യയെക്കൊണ്ട് ഇംഗ്ലണ്ടിലുള്ള അയാളുടെ 50 മീറ്റർ നീളമുള്ള സൂപ്പർ യാട്ട് വിൽപ്പനയ്ക്ക് വയ്ക്കാനാണ് ബാങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ലണ്ടനിലെ ഒരു കോടതിയിൽ ബാങ്ക് ഹർജി സമർപ്പിച്ചിട്ടുമുണ്ട്. 9000 കോടി രൂപയുടെ ലോണുകൾ തിരിച്ചടയ്ക്കാത്തതിനാൽ അന്വേഷണം നേരിടുന്ന വിജയ് മല്യ നിലവിൽ യു.കെയിലാണ്.