തിരുവനന്തപുരം: കോളിളക്കം സൃഷ്ടക്കുന്ന കേസിലെ പ്രതികളെ ആഘോഷപൂർവ്വം മാദ്ധ്യമങ്ങളുടെ ലൈവ് റിപ്പോർട്ടിംഗ് അകമ്പടിയോടെ തിക്കിതിരക്കി കൊണ്ടുപോകുന്ന രീതി പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാൽ കളിയിക്കാവിളയിൽ തമിഴ്നാട് സ്‌പെഷ്യൽ എസ്. ഐയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് പൊലീസ് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി തക്കലയിലെത്തിച്ചത് നാടകീയമായിട്ടാണ് . തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസിലെ പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാകത്തിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ പ്രതികൾ രാജ്യത്ത് നിരോധിച്ച സിമി,അൽ ഉമ്മ തുടങ്ങിയ തീവ്ര സംഘടനകളുമായി അടുത്ത ബന്ധമുള്ളവരാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ദേശീയ മാദ്ധ്യമങ്ങളടക്കം ലൈവ് റിപ്പോർട്ടിംഗ് സംവിധാനങ്ങളൊരുക്കി പ്രതികൾക്കായി കാത്തിരിക്കുകയായിരുന്നു. കർണാടകത്തിൽ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് വിമാനമാർഗം ഭീകരരെ എത്തിക്കുമെന്ന വിവരമാണ് ആദ്യം പൊലീസ് വൃത്തങ്ങൾ പുറത്തുവിട്ടത്. ഇവിടെ നിന്നും റോഡുമാർഗം പ്രതികളെ തക്കല പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുവാനാണ് പൊലീസ് പദ്ധതിയെന്നാണ് മാദ്ധ്യമപ്രവർത്തകർക്കുൾപ്പെടെ വിവരം ലഭിച്ചത്. ഇതിന് അനുസൃതമായി കമാൻഡോ സംഘത്തെ അടക്കം വിന്യസിച്ചിരുന്നു. ടോൾ പ്ലാസയിലടക്കം വാഹനവ്യൂഹം നിർത്താതെ സഞ്ചരിക്കാനാവശ്യമായ വഴി ഒഴിച്ചിടുകയും, പൊലീസിന്റെ അതി സുരക്ഷ സംവിധാനങ്ങളോടു കൂടിയ വാഹനവ്യൂഹം അതിരാവിലെ നാഗർകോവിൽ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ മാദ്ധ്യമങ്ങളുടെ കണ്ണ് ചെന്നൈ വിമാനത്താവളത്തിലാണ് കേന്ദ്രീകരിച്ചത്.
എന്നാൽ ഈ സമയം പ്രതികളെ മംഗാലപുരത്ത് നിന്നും റോഡുമാർഗം കേരളത്തിലൂടെ മണിക്കൂറുകൾ സഞ്ചരിച്ച് ലക്ഷ്യസ്ഥാനമായ തക്കലയിലേക്ക് എത്തിച്ചാണ് പൊലീസ് സകലരുടേയും കണ്ണുവെട്ടിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരം വരെ വിമാനത്തിൽ പ്രതികളെ എത്തിക്കുവാൻ പദ്ധതിയിട്ടുവെങ്കിലും അതും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അകമ്പടി വാഹനം പോലും ഒഴിവാക്കി കാസർകോട്, എറണാകുളം, തിരുവനന്തപുരം വഴി തമിഴ്നാട്ടിലെത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക രണ്ട് മണിയായിട്ടും പ്രതികളുമായി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ എത്താതിരുന്നതോടെയാണ് മാദ്ധ്യമങ്ങൾക്കടക്കം തമിഴ്നാട് പൊലീസിന്റെ ബുദ്ധി മനസിലായത്.
പ്രതിക്ക് ഐസിസ് ബന്ധം
പ്രതികളിലൊരാളായ അബ്ദുൽ ഷമീമിന് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളതായി പൊലീസ്.
ചെക്‌പോസ്റ്റിൽ എസ്. ഐയെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഭരണകൂട, പോലീസ് സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് തങ്ങൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. അതേസമയം കുറ്റസമ്മതം നടത്തിയെങ്കിലും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുവാനാണ് പൊലീസ് നീക്കം. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്നും അറിയുന്നു. റോ ഉൾപ്പെടെയുള്ള രഹസ്യാ ന്വേഷണ വിഭാഗങ്ങളും പ്രതികളെ ഉടൻ ചോദ്യം ചെയ്യും. ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ 'സിമി'യുമായും പ്രതികൾക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.