മുംബയ്: അന്ധേരി ഈസ്റ്റിലെ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ പൊലീസ് ഇവരിൽ നിന്നും രക്ഷിച്ചു. ഇന്നലെ അന്ധേരിയിലെ ത്രീസ്റ്റാർ ഹോട്ടലിൽ സിറ്റി പോലീസിന്റെ സോഷ്യൽ സർവീസ് (എസ്.എസ് ) ബ്രാഞ്ചാണ് റെയ്‌ഡ് നടത്തിയത്.
സെക്‌സ് റാക്കറ്റിലേക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുകയും, ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത പ്രധാന കണ്ണിയായ പ്രിയ ശർമ(29) എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടിവാലി ഈസ്റ്റിൽ ട്രാവൽ ഏജൻസി നടത്തുകയായിരുന്നു പ്രിയ എന്ന് എസ്.എസ് ബ്രാഞ്ച് സീനിയർ ഇൻസ്പെക്ടർ സന്ദേഷ് റെവാലെ പറഞ്ഞു.സംഭവത്തില്‍ പ്രിയ ശര്‍മയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്തു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
രക്ഷപ്പെടുത്തിയവരിൽ ഒരാൾ നടിയും ഗായികയും 'സാവ്ദാൻ ഇന്ത്യ' എന്ന ടെലിവിഷൻ ക്രൈം പരിപാടിയിലെ അവതാരകയുമാണ്. മറ്റൊരാൾ മറാത്തി സിനിമ- സീരിയൽ നടിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും രക്ഷപെടുത്തിയിട്ടുണ്ട്. ഇവർ ഒരു വെബ്സീരീസിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.