south-indian-bank

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ എട്ട് ശതമാനം വർദ്ധനയോടെ 90.54 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2018ലെ സമാന പാദത്തിൽ ലാഭം 83.85 കോടി രൂപയായിരുന്നു.

നിക്ഷേപങ്ങളിൽ 11 ശതമാനവും വായ്‌പയിൽ ഒമ്പത് ശതമാനവും കാസയിൽ 13 ശതമാനവും വളർച്ച ബാങ്ക് നേടി. മൊത്തം ബിസിനസ് 1.50 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പറഞ്ഞു. വായ്‌പകളിൽ റീട്ടെയിൽ, കാർഷികം, എം.എസ്.എം.ഇ എന്നീ വിഭാഗങ്ങളിലാണ് ബാങ്ക് കൂടുതൽ ശ്രദ്ധചെലുത്തിയത്.

അതേസമയം, മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 4.88 ശതമാനത്തിൽ നിന്ന് 4.96 ശതമാനത്തിലേക്ക് ഉയർന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 3.54 ശതമാനത്തിൽ നിന്ന് 3.44 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.