
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നിർഭയയുടെ അമ്മ രംഗത്തെത്തി. 2012ൽ എന്റെ മകളുടെ നീതിക്ക് വേണ്ടി തെരുവിൽ പ്രതിഷേധം നടത്തിയവർ ഇപ്പോൾ അവളുടെ മരണം വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് അവർ പ്രതികരിച്ചു.
ഇത് വരെ ഞാൻ രാഷ്ട്രീയം പറഞ്ഞിട്ടില്ല.എന്നാൽ ഇപ്പോൾ ചിലത് പറയാതെ വയ്യ. ഒരിക്കൽ എന്റെ മകളുടെ നിതിക്ക് വേണ്ടി ശബ്ദമുയർത്തിയവർ ഇന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്ന് നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. എന്റെ മകളെ ആക്രമിച്ച് കൊന്നവർക്ക് നിരവധി സൗകര്യങ്ങളാണ് ലഭിക്കുന്നത്. പക്ഷേ ഞങ്ങൾക്ക് യാതൊരു അവകാശവും ഇല്ലേ എന്നും ആശാദേവി കൂട്ടിച്ചേർത്തു.
ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി പുറപ്പെടുവിച്ച മരണവാറന്‍റിനെതിരെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പൊലീസ് വിധി നടപ്പാക്കുന്നതിൽ തടസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിന്നു. അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.