തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാർ അതിനെ അതിജീവിക്കാൻ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കിയേക്കുമെന്ന് സൂചന. ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് എെസക്ക് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ ഇതിനുള്ള നിർദ്ദേശം ഉണ്ടാകാനാണ് സാദ്ധ്യത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20,000 ജീവനക്കാരാണ് സംസ്ഥാന സർവീസിൽ നിന്ന് വിരമിക്കുന്നത്.
ഫുൾ സർവീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണ്ടി വരും. ഉയർന്ന തസ്തികയിൽ വിരമിക്കുന്നവർക്ക് നൽകാൻ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നത്. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത്രയും തുക നൽകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനാവില്ല. അതിനെ മറികടക്കാനുള്ള ഏക വഴി പെൻഷൻ പ്രായം കൂട്ടുകയാണെന്നാണ് നിഗമനം. പക്ഷേ, ഇതിനെതിരെ ഉയർന്ന് വരാൻ സാദ്ധ്യതയുള്ള പ്രതിഷേധമാണ് സർക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജന സംഘടനകളടക്കം സമരത്തിനിറങ്ങുമെന്നുള്ളതിനാൽ അതിനെ എങ്ങനെ അതിജീവിക്കാനാകുമെന്നതും വിലയിരുത്തും.
പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയർത്തി ഇതിന് പ്രതിവിധി കാണാമെന്ന ആലോചനയുമുണ്ടത്രേ. ഒന്നര വർഷമേ ഈ സർക്കാരിന് കാലാവധിയുള്ളൂ. വികസന പ്രവർത്തനങ്ങൾക്ക് പാേലും പണമില്ലാത്ത അവസ്ഥയിലാണ്. ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. പ്രതീക്ഷിച്ച നികുതി കിട്ടിയില്ല 30 ശതമാനം നികുതി വളർച്ചയാണ് കഴിഞ്ഞ ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അത് ഫലം കണ്ടില്ല. 14 ശതമാനം മാത്രമാണ് നികുതി വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി 30,000 കോടിയുടെ നികുതിയാണ് പരിക്കാനുള്ളത്. ഇതാണ് സംസ്ഥാനത്ത് ഇത്രയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനിടയാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇതാണ് എളുപ്പ വഴി പെൻഷൻ പ്രായം ഉയർത്തിയാൽ തത്കാലം ജീവനക്കാർ വിരമിക്കുമ്പോൾ നൽകേണ്ട ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവും. ഇതില്ലാതെ ഇപ്പോൾ നടക്കുന്ന രീതിയിൽ മുന്നോട്ട് പാേയാൽ സംസ്ഥാനം വീണ്ടും കടുത്ത ഞെരുക്കത്തിലാകും.
ഏതാനും മാസങ്ങൾ കഴിയുമ്പോൾ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും ഒന്നര വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടാൻ ഇതേയുള്ളൂ പോംവഴി എന്നാണ് സർക്കാരിന്റെ വിലയിരുത്തലത്രേ. സമരമുഖങ്ങൾക്ക് വഴി തുറക്കും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുണ്ടാകുമെന്നതാണ് മറ്റൊരു ആശങ്ക. അവർക്ക് കിട്ടുന്ന വടിയായി ഇത് മാറും. സർക്കാരിനെതിരെയുള്ള സമരങ്ങളുടെ പെരുമഴ തന്നെയുണ്ടാകും. എന്നാലും പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ സർക്കാരിന് ലഭിക്കും.