isis

മൊസൂൾ: ഇറാഖിലെ മൊസൂളിൽ നിന്നും ഐസിസ് നേതാവ് ഷിഫ അൽ നിമ അറസ്റ്റിലായ കഥ കേട്ടാൽ ആരായാലും ഒന്ന് ചിരിച്ചുപോകും. ഏറെ കാലത്തെ അന്വേഷണങ്ങൾക്ക് ശേഷം കണ്ടെത്തിയ അൽ നിമയെ ഒടുവിൽ അറസ്റ്റ് ചെയ്ത് വണ്ടിയിലേക്ക് കയറ്റാൻ ഇറാഖി പൊലീസുകാർ(സ്വാറ്റ്) കാര്യമായി ഒന്ന് വിയർക്കേണ്ടി വന്നു. നൂറുകണക്കിന് കിലോ ശരീരഭാരമുള്ള നിമയെ അവസാനം ലോറി വിളിച്ചാണ് പൊലീസുകാർ അറസ്റ്റ് ചെയ്ത് 'നീക്കിയത്'.

നിമ അറസ്റ്റിലായ വിവരം ഇസ്രായേലി പത്രമായ 'ജറുസലേം പോസ്റ്റാ'ണ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് നിമയുടെ ഫോട്ടോകൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഇത് കണ്ടതോടെ 'ഇയാളെന്താ ബേക്കറിയിലാണോ ഇത്രയും നാൾ ഒളിച്ചിരുന്നത്?' എന്നാണ് സോഷ്യൽ മീഡിയ യൂസേഴ്സ് ചോദിക്കുന്നത്.

ലോകത്താകെ ഐസിസ് ഭീകരവാദ ഭീഷണി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ സംഘടനയെ നയിച്ചിരുന്ന പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷിഫ അൽ നിമ. തട്ടിക്കൊണ്ടുപോകലും,കൊലപാതകവും, ബലാത്സംഗവും, ശാരീരിക പീഡനവും, വംശീയ ശുദ്ധീകരണവും മതപരമായി ന്യായീകരിച്ച ഷിഫ അൽ നിമ ഏറെനാളുകളായി ഒളിവിലായിരുന്നു.

നിരവധി മുസ്ലിം മതപണ്ഡിതന്മാരുടെയും അക്കാദമിക്കുകളുടെയും കൊലപാതകം നടത്താനായി ആഹ്വാനം ചെയ്തതും ഫത്വ പുറത്തിറക്കിയതും നിമയായിരുന്നു. ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന നിമയുടെ ചിത്രം ഐസിസ് ഭീകരവാദികൾക്ക് മാനസികമായ ആഘാതമാണ് ഏൽപ്പിക്കുകയെന്ന് ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകനായ മജീദ് നവാസ് അഭിപ്രായപ്പെട്ടു. 2013ൽ നിലവിൽ വന്ന ഐസിസ് ഭീകരവാദ സംഘടനയുടെ തലവൻ അബു ബക്കർ അൽ ബാഗ്ദാദിയെ അമേരിക്കൻ സേന അടുത്തിടെ ഉന്മൂലനം ചെയ്തിരുന്നു.