door-

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നാടൊട്ടാകെ വിശദീകരണ യോഗങ്ങൾ നടക്കുകയാണ്. നിയമത്തെകുറിച്ച് പൊതുജനത്തിന് ബോധവത്കരണം നൽകുവാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ നിയമഭേദഗതിയുടെ ദോഷവശങ്ങളെ കുറിച്ചാണ് പ്രതിപക്ഷമടക്കമുള്ള കക്ഷികൾ വിശദീകരണയോഗത്തിലൂടെ ശ്രമിക്കുന്നത്. കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ഡി.സതീശൻ അത്തരത്തിലൊരു വിശദീകരണയോഗത്തിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പൊതുജനത്തെ പൗരത്വ നിയമഭേദഗതിയെ കുറിച്ച് ബോധവത്കരിക്കുവാനായി ഒരു കുഞ്ഞു കഥയാണ് അദ്ദേഹം പറയുന്നത്. തലസ്ഥാനത്തെ വഞ്ചിയൂരിലുള്ള മോഹനൻ നായരുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാക്കൾക്കുണ്ടായ അനുഭവമാണ് അദ്ദേഹം പറയുന്നത്.

പൗരത്വ നിയമഭേദഗതിയെ കുറിച്ച് പറയുവാനാണ് എത്തിയതെന്ന മുഖവുരയോടെ വാതിലിന് മുന്നിൽ നിന്ന ബി.ജെ.പി നേതാക്കളോട് മോഹനൻ നായർ 'നിങ്ങളിൽ ബ്രാഹ്മണർ ആരൊക്കെയാ ഉള്ളത്..?' എന്ന ചോദ്യം ചോദിക്കുന്നു. എന്നാൽ ''ആരുമില്ലല്ലോ ചേട്ടാ..!'' എന്ന് പറയുന്ന നേതാക്കളോടായി ''നായന്മാരുണ്ടോ നിങ്ങടെ കൂട്ടത്തിൽ.. എന്നായി മോഹൻനായർ. ഇതു കേട്ട് ബി.ജെ.പി സംഘത്തിലെ മൂന്ന് പേർ മുന്നോട്ട് ചെന്നു. അപ്പോൾ അവരോട് മാത്രമായി വീട്ടിനുള്ളിലേക്ക് കയറി ചെല്ലാൻ ഗൃഹനാഥൻ ആവശ്യപ്പെട്ടു. ബാക്കിയുള്ളവർ നിരാശരായി ഗേറ്റിനു പുറത്ത് നിൽക്കുന്നത് കണ്ട് നിങ്ങൾക്ക് വിഷമമായോ എന്ന ചോദ്യത്തിന് അക്ഷമയോടെ മോശമായെന്ന് പറയുന്ന നേതാക്കളോട് നിങ്ങൾക്ക് വിഷമമായി അല്ലേ ഇതു തന്നെയാണ് പൗരത്വ ബില്ലിലും ഉള്ളത്. നമുക്കിഷ്ടപ്പെട്ടവരെ അകത്തേക്ക് കയറ്റാനും മറ്റുള്ളവരെ പുറത്തു നിർത്താനുമുള്ള ചിലരുടെ തന്ത്രമാണിതെന്ന് പറഞ്ഞ മോഹനൻനായരുടെ കഥ പറഞ്ഞ് വി.ഡി.സതീശൻ അദ്ദേഹത്തിന് ഒരു സല്യൂട്ടും നൽകുന്നു.