
തിരുവനന്തപുരം: ബസിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ മുഖം വരച്ചുകാട്ടിയ സിനിമയായ പ്രതി പൂവൻകോഴിയുടെ നേർ പതിപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലുണ്ട്. ശല്യം ബസിലല്ല, തുറന്ന കാമ്പസിലാണെന്ന് മാത്രം. യുവ വനിതാ ഡോക്ടർമാരും ഇതിന് ഇരകളാവുകയാണ്. ലഹരിയുടെ പുറത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്‌ടർമാർക്കും വഴി നടക്കാൻ പോലുമാകുന്നില്ല. പൊലീസ് തിരിഞ്ഞുനോക്കുന്നുമില്ല. ആശുപത്രി പരിസരത്ത് തമ്പടിച്ചും ബൈക്കിൽ കൂട്ടമായെത്തിയുമാണ് പൂവാലന്മാർ വിളയാടുന്നത്.
ഒരു യുവ വനിതാ ഡോക്ടറുടെ അനുഭവം
'കഴിഞ്ഞ ദിവസം വൈകുന്നേരം നാലേ കാലോടെ ക്ളാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാൻ. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ മെഡിക്കൽ കോളേജിലെ പുതിയ ഒ.പി ബിൽഡിംഗിന് സമീപമെത്തിയപ്പോൾ കുറച്ച് ആൺകുട്ടികൾ എനിക്കെതിരെ വരുന്നുണ്ടായിരുന്നു. അതിലൊരു പയ്യൻ ലൈംഗിക ചുവയുള്ള സംഭാഷണം എന്നോട് പറഞ്ഞു. എന്താടോ എന്ന് ഞാൻ രണ്ട് മൂന്നു തവണ ചോദിച്ചു. എന്റെ പ്രതികരണം അവന് ഇഷ്‌ടപ്പെട്ടില്ല. അവിടെ ഒരുപാട് പേരുണ്ടായിരുന്നു. അവരാരും ഇങ്ങോട്ട് ശ്രദ്ധിച്ചതുപാേലുമില്ല. അതാണ് എന്നെ കൂടുതൽ തളർത്തിയത്. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ആൺകുട്ടികളെല്ലാം എന്നെ കൈപൊക്കി വിളിക്കുന്നതാണ് കണ്ടത്. പേടിച്ച് ഞാൻ കുറച്ച് ദൂരം മുന്നിലേക്ക് പോയശേഷം വീണ്ടും നോക്കിയപ്പോൾ അവർ എന്നെ പിന്തുടരുന്നുവെന്ന് മനസിലായി. അവരുടെ കാല് ഉറയ്ക്കുന്നില്ലായിരുന്നു. ലഹരിയിലായിരുന്നു അവർ. പൊലീസിനെ വിളിച്ചാലും അവർ എത്തുന്നതിന് മുമ്പേ അവർ എന്റെ അടുത്ത് എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ ഓടി മുന്നിൽ വന്നു നിന്ന ബസിലേക്ക് കയറി.
ശേഷം പൊലീസിനെ വിളിച്ച് ഇങ്ങനെയൊരു സംഭവമുണ്ടെന്ന് അറിയിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് പൊലീസ് തിരികെ വിളിച്ച് തങ്ങൾ അവിടെ പോയിരുന്നെന്നും ആരെയും കണ്ടില്ലെന്നും അറിയിച്ചു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇതിന് സമാനമായ സംഭവങ്ങൾ ഡോക്ടർമാരായ പല യുവതികൾക്കും ഇവിടെ നേരിടേണ്ടി വന്നിട്ടുണ്ട്. പല പെൺകുട്ടികളുടെയും ശരീരത്തിൽ കയറിപിടിച്ചതും മൊബൈലിൽ ഫോട്ടോയെടുത്തതും ഉൾപ്പടെ ഒട്ടേറെ സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്'.
വിളിക്കണം 181ൽ
സ്‌ത്രീകൾക്ക് എപ്പോഴും വിളിച്ച് സഹായം ആവശ്യപ്പെടാവുന്ന ടോൾ ഫ്രീ നമ്പറാണ് മിത്ര 181. ആര് എപ്പോൾ ശല്യം ചെയ്താലും വിളിക്കാം. അപ്പോൾ പൊലീസിന്റെ സഹായം കിട്ടും. ഇതിലേക്ക് വിളിക്കുന്നവർക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷൻ, പ്രധാന ആശുപത്രി, ആംബുലൻസ് സർവീസുകൾ എന്നിവയുടെ സേവനങ്ങൾ ഉറപ്പായും ലഭിക്കും. ഇതിനോടകം ലക്ഷക്കണക്കിന് സ്ത്രീകളാണ് മിത്ര 181ന്റെ അടിയന്തര സഹായം ഉപയോഗിച്ചത്.