pavan-kalyan

വിജയവാഡ: ആന്ധ്രാപ്രദേശിൽ നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി വീണ്ടും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. 2024ൽ നടക്കുന്ന ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാനാണ് തീരുമാനം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരുന്നെങ്കിലും ജനസേന തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2019ൽ ബി.ജെ.പി വിട്ട്, പവൻ കല്യാൺ ഇടതുപാർട്ടികളും ബി.എസ്.പിയുമായും കൈകോർത്തു.

എന്നാൽ കഴിഞ്ഞ മൂന്ന് മാസം നിരവധി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ഉപാധികളില്ലാതെ സഖ്യമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പവൻ കല്യാൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇരുപാർട്ടികളുടെയും സംയുക്ത വാർത്താ സമ്മേളനത്തിൽ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സുനിൽ ദിയോധറാണ് സഖ്യം പ്രഖ്യാപിച്ചത്.

'ജാതി രാഷ്ട്രീയം, കുടുംബവാഴ്ച, അഴിമതി എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും. അധികാരത്തിലെത്തി കുറഞ്ഞ സമയം കൊണ്ട് ജഗൻമോഹൻ റെഡ്ഡി സർക്കാർ തികഞ്ഞ പരാജയമായെന്നും ചന്ദ്രബാബു നായിഡു ചെയ്തത് തന്നെയാണ് ജഗനും ചെയ്യുന്നതെന്നും' സുനിൽ ദിയോധർ പറഞ്ഞു. ഒരു കാരണവശാലും ടി.ഡി.പിയുമായും വൈ.എസ്.ആർ കോൺഗ്രസുമായും ബി.ജെ.പി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.