കോഴിക്കോട്: തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാൻ സർക്കാർ സമഗ്ര പ്ലാന്റേഷൻ നയം പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്ലാന്റർമാരും തൊഴിലാളികളും വ്യവസായികളും ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ച് നയത്തിന് അന്തിമരൂപം നൽകും. കരട് നയം ചർച്ച ചെയ്യുന്നതിനായി ഈ മാസം 21ന് എറണാകുളത്ത് ശില്പശാല സംഘടിപ്പിക്കും.
റവന്യൂ, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിന് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലാന്റേഷന്‍ ടാക്‌സ് പൂർണമായും ഒഴിവാക്കുകയും തോട്ടം മേഖലയിൽ നിന്നു കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റബർ മരം മുറിച്ചു മാറ്റുമ്പോൾ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്‍കി. ലൈഫ് ഭവന പദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചയായും മന്ത്രി പറഞ്ഞു.