ന്യൂഡൽഹി: 27 ദിവസത്തെ ജയിൽ ജീവിതത്തിൽ തളരാത്ത പോരാട്ടവീര്യവും കൈയിൽ ഭരണഘടനയുമായി ചന്ദ്രശേഖർ ആസാദ് വീണ്ടും എത്തി. അറസ്റ്റ് ചെയ്യപ്പെട്ട അതേ ഇടത്തേക്ക്, ജുമാമസ്ജിദിലെ പ്രതിഷേധക്കടലിലേക്ക്.
ആയിരങ്ങൾ ആർത്തുവിളിച്ചു. 'ചന്ദ്രശേഖർ ആസാദ് കീ ജയ്'
ജാമ്യവ്യവസ്ഥപ്രകാരം ഡൽഹിയിൽ അനുവദിച്ച 24 മണിക്കൂർ അവസാനിക്കാനിരിക്കെ, ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് ഇന്നലെയും പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി.
'കരിനിയമം പിൻവലിക്കും വരെ ഒരിഞ്ചുപോലും പിന്നോട്ടില്ല. വെടിയേറ്റ് വീണാലും പോരാട്ടം തുടരും'.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്ന രാവൺ ഇന്നലെ വീണ്ടും പ്രതിഷേധക്കാരുടെ ഹീറോ ആയി.
ഡിസംബർ 21നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജുമാ മസ്ജിദിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിന് ആസാദിനെ (33) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ജാമ്യം ലഭിച്ചെങ്കിലും വ്യാഴാഴ്ച രാത്രി 9ഓടെയാണ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് നൂറുകണക്കിന് ആളുകൾ പൂമാലയണിയിച്ചും ജയ് ഭീം മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചും ആസാദിനെ വരവേറ്റു. ഭരണഘടന നെഞ്ചോട് ചേർത്ത് ജോർബാഗിലെ കർബല ദർഗലയിലേക്കാണ് ആസാദ് ആദ്യം പോയത്. പിന്നീട് ജുമാമസ്ജിദിലെത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു. പിന്നീട് രവിദാസ് ക്ഷേത്രവും ക്രിസ്ത്യൻപള്ളിയും സന്ദർശിച്ചു.
' എല്ലാ മതക്കാരും അണിനിരന്ന് ഈ സമരം മുസ്ലിങ്ങൾ മാത്രം നയിക്കുന്നതല്ലെന്ന് സർക്കാരിന് മുന്നിൽ തെളിയിക്കണം. ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് എന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാൻ കഴിയാത്ത സാഹചര്യമാണോ?. ഏത് നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരും. പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി 100 റാലികൾ നടത്തിയാൽ ഞാൻ 1500 റാലികൾ നടത്തും' - ആസാദ് പറഞ്ഞു.
ജനം തീരുമാനിക്കുന്നതേ ഇവിടെ നടക്കൂ. രാജ്യം ഈ കരിനിയമത്തിന് എതിരാണ്. ചന്ദ്രശേഖർ ഈ മണ്ണിൽ ജനിച്ചവനാണ്. ഒരിക്കലും പൗരത്വത്തിനായി രേഖ കാണിക്കില്ല.
- ആസാദ്
ആസാദിന്റെ ജാമ്യവ്യവസ്ഥകൾ
നാലാഴ്ചത്തേയ്ക്ക് ഡൽഹിയിൽ പ്രവേശിക്കരുത്. പ്രതിഷേധം നടത്തരുത്. ജന്മദേശമായ ഉത്തർപ്രദേശിലെ ഷഹറാൻപൂരിൽ കഴിയണം. എല്ലാ ശനിയാഴ്ചയും ഷഹറാൻപൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സയ്‌ക്ക് എയിംസിൽ പോകുന്നെങ്കിൽ ഡൽഹി പൊലീസിനെ അറിയിക്കണം. ഫെബ്രുവരി 8ന് നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണിത്.