ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഇതുസംബന്ധിച്ച പുതുക്കിയ മരണവാറണ്ട് പുറത്തിറക്കി. പ്രതികളിൽ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് ഡൽഹി കോടതി പുതുക്കിയ മരണവാറണ്ട് പുറത്തിറക്കുന്നത്. ദയാഹർജി തള്ളിയതിന് ശേഷം 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്ന ചട്ടപ്രകാരമാണ് ഇന്നേക്ക് 14 ദിവസം തികയുന്ന ഫെബ്രുവരി ഒന്നിനു തന്നെ പ്രതികളെ തൂക്കിലേറ്റുന്നത്.
2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ മെഡിക്കൽ വിദ്യാർത്ഥി കൂട്ടമാബലാത്‌സംഗത്തിനിരയായത്. ചികിത്സയിലായിരിക്കെ ഡിസംബർ 29ന് സിംഗപ്പൂർ ആശുപത്രിയിൽ വച്ച് മരിച്ചു. കേസിൽ ആറുപേരാണ് പ്രതികൾ. പ്രതികളിലൊരാളായ റാം സിംഗ് തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്‌തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.