punjab

ചണ്ഡിഗഢ്: കേരളത്തിന് പിന്നാലെ പ‌ഞ്ചാബ് നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ നിയമം പിൻവലിക്കണമെന്ന പ്രമേയം ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചത്.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും മതേതരത്വത്തിനും സമത്വത്തിനും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.

പാർലമെന്റ് പാസാക്കിയ പൗരത്വ നിയമം രാജ്യവ്യാപകമായി പ്രതിഷേധത്തിനും അസ്വസ്ഥതയ്ക്കും കാരണമായി. നിയമത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്ന പ്രതിഷേധത്തിന് പഞ്ചാബും സാക്ഷ്യം വഹിച്ചെന്ന് മൊഹിന്ദ്ര പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയാണെന്നും ഒരു വിഭാഗം ഇന്ത്യക്കാരുടെ പൗരത്വം ഇല്ലാതാക്കാനാണെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ എൻ.പി.ആർ ഫോമുകളും ഡോക്യുമെന്റേഷൻ പ്രക്രിയയും കേന്ദ്രം ഭേദഗതി ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

'പൗരത്വം നൽകുന്നതിലെ മതപരമായ വേർതിരിവ് ഭരണഘടനയുടെ ലംഘനമാണെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷമായ ആംആദ്മി പാർട്ടി, ലോക് ഇൻസാഫ് പാർട്ടി എം.എൽ.എമാർ പ്രമേയത്തെ പിന്തുണച്ചു. ബി.ജെ.പി സഖ്യകക്ഷിയായ അകാലിദൾ പ്രമേയത്തെ എതിർത്ത് സഭ ബഹിഷ്‌കരിച്ചു

പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കേരള മാതൃകയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു.

ഹർജികൾ

പൗരത്വദേഭഗതി നിയമത്തിനെതിരേ സുപ്രീം കോടതിയിൽ 60 ഹർജികളാണ് നിലവിലുള്ളത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരളം, പ്രത്യേക ഹർജി നൽകിരുന്നു . ഇതേമാതൃകയിൽ പഞ്ചാബും പരമോന്നത കോടതിയെ സമീപിക്കും.

പ്രമേയം ഇങ്ങനെ

മാനുഷികമായ എല്ലാ അളവുകോലുകളിൽ നിന്നും അകന്നു നിൽക്കുന്ന വിവേചനമാണ് പൗരത്വഭേദഗതി നിയമത്തിന്റെ പ്രത്യയശാസ്ത്രം. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തെ ഇല്ലാതാക്കുന്നതാണിത്. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുക എന്ന വിവേചനം സൃഷ്ടിക്കുന്ന ഈ ഭേഗഗതി നിയമം റദ്ദ് ചെയ്യണമെന്ന് പ്രമേയത്തിലൂടെ പഞ്ചാബ് നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

1930കളിൽ ഹിറ്റ്ലറുടെ ജർമ്മനിയിൽ നടന്നതാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നത്. ജർമ്മൻകാർ അന്ന് പ്രതികരിച്ചില്ല. അതിലിപ്പോൾ അവർ ഖേദിക്കുന്നു. നമ്മൾ ഇപ്പോൾ പ്രതികരിക്കണം. അകാലിദൾ ഹിറ്റ്ലറുടെ ആത്മകഥ വായിക്കണം. പൗരത്വനിയമം എത്ര അപകടകരമാണെന്ന് അപ്പോൾ മനസിലാകും.

- ക്യാപ്ടൻ അമരീന്ദർ സിംഗ്, മുഖ്യമന്ത്രി