light

മനുഷ്യന് അവന്റെ ശരീരത്തിലെ ഏറ്റവും പ്രിയപ്പെട്ട അവയവം ഏതെന്നു ചോദിച്ചാൽ പൊതുവായി ഒരുത്തരം കിട്ടുക പ്രയാസമാണ്. കാരണം ചിലർക്ക് കണ്ണാകും ഏറ്റവും പ്രിയപ്പെട്ടതെങ്കിൽ മറ്റു ചിലർക്കു കാതായിരിക്കും . വേറെ ചിലർക്ക് മൂക്കായിരിക്കും പ്രിയപ്പെട്ടത് . മറ്റൊരു കൂട്ടർക്ക് നാവായിരിക്കും. ഇങ്ങനെ ഓരോരോ അവയവവും മാറിമാറി പറയുന്നവർ ഏറെയുണ്ടാവും. അതെല്ലാം അവരവരുടെ വാസനകൾക്കും പ്രിയതകൾക്കും അനുസരിച്ചിരിക്കും. അതിനാൽ ഒരു കാര്യം ആർക്കും നിരസിക്കാവുന്നതല്ല. ഈശ്വരൻ എല്ലാ സൃഷ്ടിജാലങ്ങൾക്കും നല്‌കിയിരിക്കുന്ന ശരീരാവയവങ്ങളിൽ പ്രധാനവും അപ്രധാനവുമായവ എന്ന വേർതിരിവില്ലെന്നതാണത്. അതുകൊണ്ടാണ് ഏതെങ്കിലും ഒരവയവത്തെ ബാധിക്കുന്ന വേദനയോ അസ്വസ്ഥതയോ ശരീരത്തിന്റെ മൊത്തം വേദനയായും അസ്വസ്ഥതയായും നമുക്ക് അനുഭവപ്പെടുന്നത്.


കണ്ണുകാണാത്ത ഒരാളിന്റെ കാഴ്ചയില്ലായ്മ അയാളുടെ കണ്ണിനെ മാത്രം ബാധിക്കുന്നതല്ലല്ലോ. കാതുകേൾക്കാത്തയാളുടെ ബധിരത അയാളുടെ കാതിനെ മാത്രം ബാധിക്കുന്നതുമല്ല. ഇതൊക്കെ ശരീരത്തെയാകവേ ബാധിക്കുന്നതാണ്. എവിടെയെങ്കിലും മുറിവോ വ്രണമോ ഉണ്ടായാൽ അതിന്റെ വേദന ശരീരത്തിന്റെയാകെ വേദനയായി മാറുന്നു. ഇതിൽ നിന്നെല്ലാം ഒരു ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ശരീരത്തിന്റെ ആരോഗ്യപരമായ സ്വസ്ഥതയും പ്രവർത്തനവും നിലനിറുത്തുന്നതിൽ അവഗണിക്കാനാവാത്ത സ്ഥാനമുണ്ടെന്ന് മനസിലാക്കാം. ഈ കൂട്ടായ്മയാണ് നമ്മിലിരിക്കുന്ന ഈശ്വരീയതയുടെ ഏറ്റവും വലിയ ലക്ഷണമെന്നു പറയുന്നത്.


ഒരു ശരീരത്തിലെ ഏതെങ്കിലുമൊരു അവയവം മറ്റൊരു അവയവത്തോടു കലഹിക്കുകയോ പിണങ്ങുകയോ ചെയ്യാതെ ജീവിതകാലം മുഴുവൻ യോജിപ്പോടെ കഴിയുന്നുവെന്നതും പ്രാണന്റെ നിർണയത്തിനു വിധേയപ്പെട്ടിരിക്കുന്നുവെന്നതും ആലോചിച്ചാൽ ഈശ്വരീയത നമുക്ക് പുറത്തല്ല അകത്താണിരിക്കുന്നതെന്നു ബോധ്യപ്പെടും. അതുപോലെ തന്നെ നമ്മുടെ ബുദ്ധി ചിത്തത്തിനോടും ചിത്തം മനസിനോടും മനസ് വാസനയോടും വാസന പ്രാണനോടും ദ്വേഷിക്കാതെ രാഗത്തോടെയിരിക്കുന്നതും അതേ ഈശ്വരീയതയുടെ പ്രകാശം കൊണ്ടുതന്നെ.


ഈ ഈശ്വരീയതയെ മറയില്ലാതെ അറിയുന്നവന് ഒരിക്കലും മറ്റൊരുവനെ അന്യനായി കരുതി വെറുക്കാനോ അവനോടു വിവേചനപരമായി പെരുമാറാനോ സാധിക്കില്ല. തന്റെ ശരീരത്തിലെ ഒരവയവവും മറ്റൊരവയവത്തിനു അന്യമാകാതിരിക്കുന്നതു പോലെയാണത്. ഇതാണ് ഈശ്വരീയതയുടെ പ്രകൃതവും പ്രകൃതിയും. ആ ആത്മതത്വത്തിലേക്ക് നമ്മെ ഉയർത്താനും ആനയിക്കാനുമാണ് ഗുരുക്കന്മാർ ഉപദേശങ്ങൾ കൊണ്ടും ശ്രുതികൾ കൊണ്ടും ജ്ഞാനമാർഗവും ധർമ്മമാർഗവും വെളിപ്പെടുത്തി തന്നിട്ടുള്ളത്. അതറിയുന്നവന്റെ വാക്കും വിചാരവും പ്രവൃത്തിയും തമ്മിൽ ഒരു സന്ദർഭത്തിലും വിദ്വേഷിക്കുകയില്ല. ഇതു ഒരേ ഞെട്ടിൽ നിന്നുതന്നെ മൊട്ടും പൂവും വിത്തും പുറപ്പെട്ട് പാകപ്പെട്ട് വരുന്നതു പോലെയാണ്. അവൻ ആയിരമാണ്ട് ഒരല്പനേരമായി അനുഭവപ്പെടുന്ന പരമഹംസനെപ്പോലെ ഈ ലോകത്ത് വിഹരിക്കാൻ യോഗ്യനായിത്തീരുന്നു. എന്നാൽ ഈ സത്യം ബോധ്യപ്പെടാത്ത അജ്ഞാനിയുടെ വാക്ക് ഒരു വഴിക്കും വിചാരം മറ്റൊരു വഴിക്കും പ്രവൃത്തി വേറൊരു വഴിക്കുമായി പിരിഞ്ഞുപോകും. ഈ പിരിയലുകൾ സൃഷ്ടിക്കുന്ന കലഹങ്ങളിൽ വീണു അവൻ എരിനരകാബ്ധിയിലെന്നപോലെ വെന്തുനീറി പോകാനിടയാകും. അത്തരക്കാരനാകട്ടെ ഒരുനൊടി ആയിരമാണ്ടുപോലെ അനുഭവപ്പെടുകയും ചെയ്യും. യാതൊന്നിലും അവന്റെ ബുദ്ധിയും ശ്രദ്ധയും നേരായുറയ്ക്കുകയില്ല.


മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഒരു ഇലപോലുമില്ലാതെ ഉണങ്ങിയതു കണക്കെ നില്ക്കുന്ന മേപ്പിൾ മരങ്ങൾ ജൂൺ- ജൂലായ് മാസങ്ങളിൽ നിറയെ തളിരും ഇലയും പൂക്കളും വന്നു പൊതിയപ്പെടും. ഇവയൊന്നും തന്നെ പുറമേ നിന്നു ഒരുദിവസം അതിലേക്കു വന്നുചേർന്നതല്ല. മറിച്ച് അവയെല്ലാം അതിന്റെ ഉള്ളിൽ നിന്നും ക്രമം തെറ്റാതെ വെളിപ്പെട്ടുവന്നതാണ്. ഇപ്രകാരം വെളിപ്പെട്ടു വരേണ്ടതെല്ലാം നമ്മുടെ ഉള്ളിൽത്തന്നെ ഇരിക്കുന്നുവെന്നറിഞ്ഞ് പ്രവർത്തിക്കുന്നവന് ശ്രദ്ധയെയും ബുദ്ധിയെയും ഒന്നിച്ചിണക്കിക്കൊണ്ടു പോകാനാവും. അതല്ലെങ്കിൽ നമുക്ക് നമ്മൾ തന്നെ അന്യമായിപ്പോകും. അതിനിട വന്നാൽ നമ്മൾ നമ്മുടെ സത്തയിൽ നിന്നുമകന്നു പോകുമെന്നതാണ് വാസ്തവം.


നമ്മൾ നമ്മളായിത്തന്നെ വളരുകയെന്നതാണു ഈശ്വരന്റെ ഇച്ഛ. അങ്ങനെ സ്വസ്വരൂപനായി ഇരുന്നുകൊണ്ട് ഈശ്വരനെ പൂജിക്കുകയും ലോകത്തെ സേവിക്കുകയും ചെയ്യുന്നവനാണ് ലോകോത്തമൻ. അങ്ങനെ ശ്രാവസ്തിയിലെ പതിപൂജികയെപ്പോലെ ഈശ്വരപൂജയും ലോകസേവയും ഒന്നിപ്പിക്കാനായാൽ മുജ്ജന്മത്തെപ്പോലും പ്രാപിക്കാമെന്നാണ്. പൂജയും സേവയും കൊണ്ട് മുജ്ജന്മത്തെ പ്രാപിച്ചവളാണു പതിപൂജിക. ഗൃഹസ്ഥാശ്രമിയായിരുന്ന അവൾ ബുദ്ധഭിക്ഷുകൾക്ക് അന്നവസ്ത്രാദികൾ മുട്ടാതെ നല്കുന്നതിലും ആശ്രമം വൃത്തിയായി സൂക്ഷിക്കുന്നതിലും എപ്പോഴും അതീവശ്രദ്ധാലുവായിരുന്നു. ശ്രാവസ്തിയിലെ നല്ലൊരു വീട്ടമ്മയായി ഇങ്ങനെ കാലം കഴിയുമ്പോഴും അവളുടെ ഏക പ്രാർത്ഥന തന്റെ മുജ്ജന്മത്തെ പ്രാപിക്കണമെന്നതായിരുന്നു. മുജ്ജന്മത്തിലാകട്ടെ പതിപൂജിക മാലാഭാരി എന്നൊരു ദേവന്റെ പ്രിയപത്നിയായിരുന്നു. അങ്ങനെ താവതിസ്മ എന്ന ദേവലോകത്തിൽ സർവൈശ്വര്യങ്ങളും അനുഭവിച്ചു കഴിയുന്നതിനിടയിൽ ഒരു നാൾ അവൾ ഉദ്യാനത്തിൽ ഉലാത്തവേ താഴേക്കുവീണു അപ്രത്യക്ഷയായിപ്പോയതാണ്. അതോടെ അവൾ ശ്രാവസ്തിയിലെ ഒരു മനുഷ്യകുലത്തിൽ ജനിച്ചു വളർന്നു. അവൾ വിവാഹിതയായി, അമ്മയായി. ഇക്കാലമെല്ലാം ഭഗവാനെ പൂജിച്ചും ഭിക്ഷുക്കളെ സേവിച്ചും ഭഗവദ്സൂക്തങ്ങളാൽ മനസ്‌നാനം ചെയ്തും അവൾ കാലം കഴിച്ചു. ഒരു ദിവസം സന്ധ്യാനേരത്ത് പൂജയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തവേ അവൾ മരണപ്പെട്ടു. ശ്രാവസ്തിയിലെ ആ മരണനേരത്തു പതിപൂജിക താവതിസ്മയിലെ മാലാഭരിയുടെ അടുത്തു പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രിയപത്നിയെക്കണ്ട് മാലാഭാരി അപ്പോൾ ചോദിച്ചു.:നമ്മുടെ അടുക്കൽ നിന്ന് ഭവതി എവിടേക്കാണ് ധൃതിയിൽ കുറച്ചുനേരത്തേക്ക് മാറിപ്പോയത്? ഇതുകേട്ട് ആശ്ചര്യപ്പെട്ട പതിപൂജിക ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു. അപ്പോഴാണ് അവൾക്ക് മനുഷ്യരുടെ ലൗകികബന്ധങ്ങളുടെ ക്ഷണികതയും അർത്ഥമില്ലായ്മയും ആയുസിന്റെ അനിശ്ചിതത്ത്വവും ബോധ്യപ്പെട്ടത്.


നമ്മളെല്ലാം ലൗകികബന്ധങ്ങളുടെ ബലത്തിലാണ് ജീവിക്കുന്നതെന്ന ധാരണയുള്ളവരാണ്. അതിനാൽ നമുക്കു പരമഹംസന്മാരുടെ അലൗകികതയെ മനസിലാക്കാനാവുകയില്ല. എന്തെന്നാൽ ഒരു ലൗകികന്റെ അറിവിൽ അനന്യതയുടെ അറിവ് ഉണ്ടായിരിക്കുകയില്ല. ഈ അറിവില്ലായ്മയ്ക്കാണ് അപരപ്രകൃതി എന്ന് ഗുരുദേവതൃപ്പാദങ്ങൾ പറയുന്നത്. അത്തരം അറിവിനു അധീനമാകാതെ ശരീരത്തിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ അനുഭവിക്കുന്നതുപോലെ ഈ ജീവിതത്തിൽ അന്യതയെന്നത് ഇല്ലാത്തതായിത്തീരണം. അപ്പോഴാണു ഈശ്വരീയതയുടെ മറയലഴിയുന്നത്.