തിരുവനന്തപുരം: നിയോജകമണ്ഡലത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിള്ളിയാറിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 98 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ എം.എൽ.എ അതൃപ്‌തി രേഖപ്പെടുത്തി. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതികളുടെ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മേയറോട് ആവശ്യപ്പെട്ടു. 2.34 കോടിരൂപ വിനിയോഗിച്ച് നവീകരിച്ച ആയുർവേദ കോളേജ് - കുന്നുംപുറം റോഡ് അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ജ്യോതി. ആർ, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ വി. സന്തോഷ്, സ്വീവറേജ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ സൂരജ് സുകുമാർ, വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ സന്തോഷ്‌കുമാർ, കൃഷ്ണകുമാർ.വി.എസ്, മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രേംചന്ദ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.