ന്യൂഡൽഹി: അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) കുടിശികയായി ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് 1.47 ലക്ഷം കോടി രൂപ ഒരാഴ്‌ചയ്ക്കകം വീട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് ബാങ്കുകൾക്കും തിരിച്ചടിയായേക്കും. എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയിൽ ടെലികോം കമ്പനികൾക്കുള്ള 91,000 കോടി രൂപയുടെ വായ്‌പ കിട്ടാക്കടമാകുന്ന സ്ഥിതിയാണുള്ളത്.
എ.ജി.ആർ ഫീസ് കുടിശിക ഉടൻ വീട്ടണമെന്ന സർക്കാർ നിർദേശത്തിനെതിരെ ടെലികോം കമ്പനികൾ സമർപ്പിച്ച റിവ്യൂ ഹർജി കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ജനുവരി 23നകം കുടിശിക വീട്ടണമെന്നാണ് കോടതി നിർദേശം. വരുമാനത്തകർച്ച നേരിടുന്ന കമ്പനികൾക്ക് ഇരുട്ടടിയാണ് ഈ വിധി. പ്രവർത്തനം നിറുത്തിവയ്ക്കേണ്ട അവസ്ഥപോലും ഉണ്ടാകുമെന്ന് കമ്പനികൾ പ്രവചിക്കുന്നു. ഈ സ്ഥിതിയിൽ വായ്‌പ കിട്ടാക്കടമാകുമെന്ന ഭീതിയാണ് ബാങ്കുകൾക്കുള്ളത്.
വൊഡാഫോൺ-ഐഡിയയുടെ എ.ജി.ആർ ബാദ്ധ്യത 50,039 കോടി രൂപയാണ്. ഭാരതി എയർടെല്ലിന്റേത് 35,586 കോടി. നടപ്പുവർഷത്തെ ജൂലായ് - സെപ്‌തംബർ പാദത്തിൽ വൊഡാഫോൺ-ഐഡിയ 50,922 കോടി രൂപയുടെ റെക്കാഡ് നഷ്‌ടം കുറിച്ചിരുന്നു. ഭാരതി എയർടെൽ 23,045 കോടി രൂപയുടെ നഷ്‌ടവും നേരിട്ടു. എ.ജി.ആർ ബാദ്ധ്യത വീട്ടാൻ തുക വകയിരുത്തേണ്ടി വന്നതാണ് ഭീമമായ നഷ്‌ടത്തിനു കാരണം.
വൊഡാ-ഐഡിയ വീണ്ടും
കോടതിയിലേക്ക്
എ.ജി.ആർ ബാദ്ധ്യത വീട്ടാൻ സാവകാശം തേടി വൊഡാഫോൺ-ഐഡിയ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സാവകാശം കിട്ടിയില്ലെങ്കിൽ പ്രവർത്തനം നിറുത്താനും പാപ്പരത്ത ഹർജി സമർപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ഓഹരികൾ
തകർന്നു
എ.ജി.ആർ വിധി എതിരായ പശ്‌ചാത്തലത്തിൽ വൊഡാഫോൺ-ഐഡിയ ഓഹരികൾ ഇന്നലെ 39 ശതമാനം വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം 25 ശതമാനം ഇടിവുമായി 4.5 രൂപയിലാണ് ഓഹരി വിലയുള്ളത്. അതേസമയം, ഭാരതി എയർടെൽ ഓഹരിവില 5.4 ശതമാനം ഉയർന്ന് 500 രൂപയിലെത്തി.