ഇറങ്ങും മുൻപ് മുന്നോട്ടെടുത്തു, പിന്നെ വലിച്ചിറക്കി
ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൽപ്പറ്റ: അച്ഛനും മകളും ഇറങ്ങും മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്നു വീണ് പെൺകുട്ടിയുടെ കൈയൊടിഞ്ഞു. ഇതു ചോദിക്കാൻ ബസിൽ വീണ്ടും കയറാൻ ശ്രമിച്ച അച്ഛനെ കണ്ടക്ടർ വലിച്ചിറക്കുമ്പോൾ പിടിവിട്ട് വീണ് കാലുകളിലൂടെ പിൻ ചക്രം കയറിയിറങ്ങി. അപകടം കണ്ട് യാത്രക്കാർ ബഹളം വച്ചിട്ടും ബസ് നിറിത്താതെ പോയി. തുടയെല്ലും കാൽമുട്ടും കതർന്ന കാര്യമ്പാടി മോർക്കാലായിൽ ജോസഫ് (54) സ്വാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മകൾ നിതുവിന്റെ (22) കൈയ്ക്ക് ഒടിവും ഇടുപ്പിന് മുറിവുമുണ്ട്.
ബത്തേരി- കൽപ്പറ്ര ബസിൽ വ്യാഴാഴ്ച വൈകിട്ട് മീനങ്ങാടി അമ്പത്തിനാലിലാണ് സംഭവം. സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കയറാതിരിക്കാനാണ് യാത്രക്കാർ ഇറങ്ങുംമുമ്പ് ബസ് മുന്നോട്ടെടുത്തത്. സംഭവത്തിൽ ബസ് ഡ്രൈവർ വിജീഷ്, കണ്ടക്ടർ ലതീഷ് എന്നിവരുടെ ലൈസൻസ് ആർ.ടി.ഒ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ മീനങ്ങാടി പൊലീസ് കേസെടുത്തു.
സംഭവത്തെപ്പറ്റി ആർ.ടി.ഒ പറഞ്ഞത്:
ജോസഫും നീതുവും ഇറങ്ങവേ വിദ്യാർത്ഥികൾ ബസിൽ കയറാനായി ഓടി എത്തി. അവരെ കയറ്റാതിരിക്കാൻ ബസ് മുന്നോട്ടെടുത്തപ്പോൾ പിടിവിട്ട് നീതു നിലത്തു വീണു. ജോസഫ് മുന്നോട്ടു വന്ന് ബസിൽ പിടിച്ചപ്പോൾ കണ്ടക്ടർ കൈ ബലമായി വിടുവിക്കുകയും റോഡിൽ വീണ ജോഫിന്റെ കാലിലൂടെ പിൻചക്രം കയറുകയുമായിരുന്നു. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്നാണ് അദ്ദേഹത്തെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ നടപടിയെടുത്തത്.
ജീവനക്കാരുടെ അശ്രദ്ധമൂലം താൻ വീണതു ചോദ്യം ചെയ്ത പിതാവിനെ ബസിൽ നിന്ന് തള്ളിവീഴ്ത്തുകയായിരുന്നുവെന്ന് നിതുവും പറഞ്ഞു.
അതേസമയം, യാത്രക്കാരനെ ബസിൽനിന്ന് തള്ളിവീഴ്ത്തിയെന്ന ആരോപണം ശരിയല്ലെന്നു ബസ് ഉടമ പി.കെ. രാജശേഖരൻ പറഞ്ഞു.
'ക്രൂര സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും"
- ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ