ന്യൂഡൽഹി: പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കാൻ പോവുന്നേയുള്ളൂവെന്ന് മുരളീധരൻ പ്രതികരിച്ചു. സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കുമെന്ന് മുരളീധര വ്യക്തമാക്കി. ട്വിറ്രറിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം..
ഭരണഘടനയെന്തെന്നും @arifmohammadk എന്ന കേരള ഗവർണർ ആരെന്നും @vijayanpinarayi ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല!!!#ഇരന്നുവാങ്ങുന്നപ്രഹരങ്ങൾ#GovernorRocks
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ റൂൾസ് ഒഫ് ബിസിനസ് വായിച്ച് ഗവർണർ തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിയമനടപടികൾ സ്വീകരിക്കും മുമ്പ് ഗവർണറെ അറിയിക്കണമെന്ന് റൂൾസ് ഒഫ് ബിസിനസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ഇതു ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടും. ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിയാണ് തനിക്കു വിശദീകരണം നൽകേണ്ടതെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് ഭരണഘടനയിലും നിരവധി സുപ്രീം കോടതി വിധികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്, മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിനു മറുപടിയായി ഗവർണർ പറഞ്ഞു. ഗവർണറുടെ അധികാരത്തെ മറികടന്നു പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ബ്രിട്ടിഷ് കാലത്തേതു പോലെ നിയമസഭയ്ക്കു മേൽ ഒരു റസിഡന്റിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രസംഗിച്ചിരുന്നു.