ഡൽഹി : ഡൽഹി നിയസഭാ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിർഭയയുടെ അമ്മ.. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കില്ലെന്ന് നിർഭയയുടെ അമ്മ. വ്യക്തമാക്കി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമില്ലെന്നും ഇത്തരം ഊഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
തനിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്താൽ താൻ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കി. ഡൽ?ഹിയിൽ കോൺഗ്രസ് ടിക്കറ്റിൽ നിർഭയയുടെ അമ്മ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാർത്ത വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രചരിച്ചത്. ഇതുസംബന്ധിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് കീർത്തി ആസാദ്, നിർഭയയുടെ അമ്മയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് റീട്വീറ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡൽഹി വേദിയാവുക. നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പ്രചാരണം തുടങ്ങി. ബി.ജെ.പിയും 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.