nirbhaya

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി മുകേഷിന്റെ ദയാഹർജി രാഷ്‌ട്രപതി തള്ളിയെങ്കിലും മറ്റു മൂന്നു പ്രതികൾക്കും ദയാഹർജി നൽകാൻ അവസരമുണ്ട്. ഇവർക്കും 14 ദിവസ മാനദണ്ഡത്തിന് അർഹതയുള്ളതിനാൽ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനാകുമോ എന്ന ആശങ്കയുണ്ട്. മുകേഷ് സിംഗിനെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്നതിൽ തടസമില്ലെങ്കിലും നാലുപേരുടെയും ശിക്ഷ ഒരുമിച്ചേ നടപ്പാക്കൂ എന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നീ പ്രതികൾക്ക് തിരുത്തൽ ഹർജി നൽകാനും അവസരമുണ്ട്.
അതിനിടെ കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാട്ടി ശിക്ഷാ ഇളവ് തേടി പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഡിസംബർ 19ന് ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി മൂന്നുവർഷത്തെ തടവിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഈ പരിഗണന വേണമെന്നാണ് പവൻ ഗുപ്തയുടെ ആവശ്യം.