മുക്കം: സ്വത്തിനു വേണ്ടി അമ്മയെ കൊലപ്പെടുത്തുകയും ആ വിവരം പുറത്തറിയാതിരിക്കാൻ വാടകക്കൊലയാളിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതി ബിർജുവിനെ ക്രൈംബ്രാഞ്ച് സംഘം ഇയാൾ മുമ്പ് താമസിച്ച വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. അമ്മ ജയവല്ലിയെയും വാടകക്കൊലയാളി ഇസ്മയിലിനെയും ബിർജു വകവരുത്തിയത് ഈ വീട്ടിൽ വച്ചായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. എം.ബിനോയിയുടെയും വിരലടയാള വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ 11.30 ന് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം മൂന്നരയോടെയാണ് അവസാനിച്ചത്. ബിർജുവിന്റെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ലായിരുന്നു.
ഇസ്മയിലിന്റെ മൃതദേഹം കഷ്ണങ്ങളാക്കി ഇരുവഞ്ഞി പുഴയിലും തിരുവമ്പാടി റബ്ബർ തോട്ടത്തിലും ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ ബിർജുവിന്റെ ഭാര്യയെയും ചോദ്യം ചെയ്യുമെന്നും കൂടുതൽ അറസ്റ്റുണ്ടാവില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡിവൈ എസ് പി എം ബിനോയ് പറഞ്ഞു.