ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.
ജനുവരി 14നാണ് പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലെ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടു പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.. തൊട്ടടുത്ത ദിവസവും സമാനമായ സംഭവം ഉണ്ടായി. ഇതിൽ ആശങ്ക രേഖപ്പെടുത്തിയാണ് പാകിസ്ഥാൻ ഹൈ കമ്മീഷണനിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പെൺകുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് നടപടിയെടുക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.