ayathullah

ടെഹ്റാൻ: ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന ‘കോമാളി'യാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി.

അമേരിക്കയ്ക്കെതിരായ ആക്രമണത്തിനിടെ അബദ്ധത്തിൽ ഉക്രെയിൻ യാത്രാവിമാനം വെടിവച്ചിട്ടതിനെതിരേ രാജ്യത്ത് പ്രതിഷേധങ്ങൾ വ്യാപകമാകുന്നതിനിടെ, വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഈ മാസം ആദ്യം ഇറാഖിലെ യു.എസ് സേനാ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ‘ദൈവത്തിന്റെ ദിനമായിരുന്നു’. യുഎസിന്റെ ‘മുഖത്തേറ്റ അടി’യായിരുന്നു അത്. ഇറാന്റെ മുതുകിൽ ‘വിഷം പുരട്ടിയ കത്തി’ കുത്തിയിറക്കുകയാണ് ട്രംപ് ചെയ്തത്. ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെ രാജ്യത്തുണ്ടായ വലിയ വിലാപം ഇറാനികൾ ഇസ്‌ലാമിക റിപ്പബ്ളിക്കിനൊപ്പമാണെന്ന് തെളിയിക്കുന്നു. ഐ.എസിനെതിരായ പോരാട്ടത്തിൽ ശക്തമായി നിലകൊണ്ട സുലൈമാനിയെ ‘ഭീരുത്വമാർന്ന’ രീതിയിലാണ് യു.എസ് വധിച്ചത്. ട്രംപ് ഭരണകൂടത്തിന് ഇത് അപമാനമാണ്.

ഇറാനുമായുള്ള ആണവകരാറിൽ നിന്ന് യു.എസിന്റെ ഏകപക്ഷീയമായ പിൻമാറ്റത്തിനു ശേഷവും കരാറിൽ തുടരുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവ ഇറാനെ സമ്മർദ്ദവലയത്തിലാക്കി കരാറിലെ വ്യവസ്ഥകൾ വളച്ചൊടിച്ച് യു.എൻ ഉപരോധം വീണ്ടും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല. ഉക്രയിൻ വിമാനം അബദ്ധത്തിൽ തകർന്ന സംഭവം ഉയർത്തി സുലൈമാനിയുടെ ‘ജീവത്യാഗം’ മറയ്ക്കാനുള്ള ശത്രുക്കളുടെ നീക്കങ്ങൾ ചെറുക്കും. ഇത്തരം ‘ദാരുണ’ സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടിയെടുക്കും.

ഇറാഖിനെ വിഭജിച്ച് ആഭ്യന്തര യുദ്ധത്തിനു തിരികൊളുത്താനാണ് യു.എസ് ശ്രമം. യു.എസ് ഈ മേഖല വിടണം എന്ന നിലപാടിൽ മാറ്റമില്ല. ഇറാന്റെ ഐക്യം സംരക്ഷിക്കണം. ഫെബ്രുവരിയിലെ പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ സജീവ പങ്കാളിത്തം ഉണ്ടാകണം."- ആയിരങ്ങളെ സാക്ഷിയാക്കി ഖമനേയി ആഹ്വാനം ചെയ്തു.

2012 ൽ ഇസ്‌ലാമിക വിപ്ളവത്തിന്റെ 33-ാം വാർഷികത്തിനാണ് ഖമനേയി അവസാനമായി വെള്ളിയാഴ്ചത്തെ ഒത്തുചേരലിനെ അഭിസംബോധന ചെയ്തത്.