രാജ്കോട്ട്: വാങ്കഡേയിലെ തോൽവിക്ക് ആസ്ട്രേലിയയോട് രാജ്കോട്ടിൽ ഇന്ത്യ പകരം വീട്ടി. ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 36 റൺസിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് നേടി. മറുപടിക്കിറങ്ങയ ആസ്ട്രേലിയ 49.1 ഓവറിൽ 304 റൺസിന് ആൾഔട്ടാവുകയായിരുന്നു. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം നാളെ ബംഗളുരുവിൽ നടക്കും.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനും (96), രോഹിത് ശർമ്മയും (42) നല്ല തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. അർദ്ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന രോഹിതിനെ എൽബിയിൽ കുരുക്കി സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ നായകൻ വിരാട് കൊഹ്ലിയും (78) താളം കണ്ടെത്തിയതോടെ ഓസീസ് വീണ്ടും പ്രതിസന്ധിയിലായി. ഇന്ത്യൻ സ്കോർ 184ൽ വച്ച് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ധവാനെ റിച്ചാഡ്സൺ സ്റ്റാർക്കിന്റെ കൈയിൽ എത്തിച്ചു. 90 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ധവാന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (7) അധികം വൈകാതെ സാംപയുടെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങി. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ കെ.എൽ. രാഹുൽ (80) നായകനൊപ്പം ക്രീസിൽ ഉറച്ചു നിന്ന് പോരാടി. 44 -ാമത്തെ ഓവറിലെ ആദ്യ പന്തിൽ സാംപ കൊഹ്ലിയെ സ്റ്രാർക്കിന്റെ കൈയിൽ ഒതുക്കിയെങ്കിലും പതറാതെ പോരാടിയ രാഹുൽ ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ റണ്ണൗട്ടായി മടങ്ങുമ്പോൾ 52 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 80 റൺസ് രാഹുൽ തന്റെ പേരിൽ ചേർത്തിരുന്നു. രവീന്ദ്ര ജഡേജ16 പന്തിൽ 20 റൺസ് നേടി. ഓസീസിനായി സാംപ മൂന്നും റിച്ചാർഡ്സൺ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയക്കായി കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻമാരായ ഡേവിഡ് വാർണറിനും ആരോൺ ഫിഞ്ചിനും ആ മികവ് ആവർത്തിക്കാനായില്ല. ടീം സ്കോർ 20ൽ നിൽക്കെ നന്നായി തുടങ്ങിയ വാർണർക്ക് (15) മുഹമ്മദ് ഷമിയുടെ പന്തിൽ മനോഹരമായൊരു ഒറ്രക്കൈ ക്യാച്ചിലൂടെ മനീഷ് പാണ്ഡെ ഗാലറിയിലേക്കുള്ള വഴികാട്ടിയായി.മൂന്നമനായെത്തിയ സ്റ്രീവ് സ്മിത്ത് (98) ഫിഞ്ചിനൊപ്പം ഓസീസ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. ടീം സ്കോർ 82ൽ വച്ച് ഫിഞ്ചിന് (33) ജഡേജയുടെ പന്തിൽ തകർപ്പൻ സ്റ്റമ്പിംഗിലൂടെ രാഹുലും മടക്ക ടിക്കറ്രെഴുതി. ഫോമിലുള്ള ലബുഷ്ചാംഗെ (46) സ്മിത്തിനൊപ്പം ചേർന്നതോടെ ഓസീസ് ഇന്നിംഗ്സ് വീണ്ടും ട്രാക്കിലായി. ലബുഷ്ചാംഗയെ ജഡേജ ഷമിയുടെ കൈയിൽ എത്തിച്ച് പുറത്താക്കി. തുടർന്ന് കാരെയേയും (18) സ്മിത്തിനെയും 38-ാം ഓവറിൽ പറഞ്ഞ് വിട്ട് കുൽദീപ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 102 പന്തിൽ 9 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. ആഷ്ടൺ ടേണർ (13), പാറ്റ് കുമ്മിൻസ് (0) എന്നിവരെ 43 -ാമത്തെ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ഷമി ക്ലീൻബൗൾഡാക്കി പുറത്താക്കിയതോടെ ഇന്ത്യ കളി കൈപ്പിടിയിലാക്കുകയായിരുന്നു. വാലറ്റത്ത് ആഷ്ടൺ ആഗറും (25), കെയ്ൻ റിച്ചാഡ്സണും (പുറത്താകാതെ 24) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ വെല്ലുവിളി മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. ഇന്ത്യയ്ക്കായി ഷമി 3 വിക്കറ്ര് വീഴ്ത്തി. നവീദീപ് സെയ്നി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.