mumbai-

മുംബയ് : അഞ്ചുവർഷമായി നഗരത്തിൽ പെൺവാണിഭ റാക്കറ്റ് നടത്തിവന്നിരുന്ന കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ നവീൻകുമാർ പ്രേംലാൽ ആര്യയാണ് അറസ്റ്റിലായത്. മുംബയ് പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

അജയ് ശര്‍മ്മ, വിജയ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നഗരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നവീൻകുമാർ പെൺവാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവരെയാണ് പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

നടിമാരെന്ന ലേബലിൽ എത്തിക്കുന്ന ഒരു പെൺകുട്ടിക്ക് 60,000 രൂപ വരെയാണ് നവീനും സംഘവും ഈടാക്കിയിരുന്നത്. സംഘത്തിന്റെ കൈയ്യിൽ നിന്നും 18 ഉം, 25 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും സോഷ്യൽ സർവീസ് ബ്രാഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.

രഹസ്യ ഓപ്പറേഷനിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒരു കസ്റ്റമർ മുഖേന നവീൻകുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുകയുമായിരുന്നു. ഓരോ പെൺകുട്ടിക്കും 60,000 രൂപയാണ് നവീൻകുമാർ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടലിൽ അഡ്വാൻസായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീൻകുമാർ പെൺകുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയിൽഎടുക്കുകയുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.