nadkarni

മുംബയ്: തുടർച്ചായായി 21 മെയ്ഡൻ ഓവർ എറിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച മുൻ ഇന്ത്യൻ ആൾറൗണ്ടർ ബാപു നഡ്കർനി നിര്യാതനായി. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബയിലെ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് മരുമകൻ വിജയ് ഖേർ അറിയിച്ചു. ഇടം കൈയൻ സ്പിൻബൗളറും ഇടംകൈയൻ ബാറ്ര്‌സ്മാനുമായ നഡ്‌കർനി ഇന്ത്യയ്ക്കായി 41 ടെസ്റ്റുകളിൽ നിന്ന് 88 വിക്കറ്റുകളും 1414 റൺസും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്രിൽ മുംബയുടെ മിന്നും താരമായിരുന്ന നഡ്കർനി 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്രും 8880 റൺസും നേടി. 1933 ഏപ്രിൽ 4ന് നാസിക്കിൽ ജനിച്ച നഡ്കർനിയുടെ അന്താരാഷ്ട്ര ടെസ്റ്ര് അരങ്ങേറ്റം 1955ൽ ന്യൂസിലൻഡിനെതിരെ ഡൽഹിയിലായിരുന്നു.1968ൽ ഓക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ തന്നെയായിരുന്നു അവസാന മത്സരത്തിനിറങ്ങിയത്.

വിരമിച്ച ശേഷം ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും ബന്ധുക്കൾക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1963/64 സീസണിൽ മദ്രാസിൽ വച്ചാണ് നഡ്കർനി ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി 21 മെയ്ഡനുകൾ എറിഞ്ഞത്. 32-27-5-0 എന്നിങ്ങനെയായിരുന്നു ആ മത്സരത്തിൽ നഡ്കർനിയുടെ ബൗളിംഗ്.

1960/61ൽ പാകിസ്ഥാനെതിരെ കാൺപൂരിൽ 32-24-23-0, ഡൽഹിയിൽ 34-24-24-1 എന്നിങ്ങനെ ബൗൾ ചെയ്തും നഡ്കർനി വിസ്നമയിപ്പിച്ചിട്ടുണ്ട്.