അടിമാലി: ഇടുക്കി അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ലൈലാമണിയെ (55) ആണ് രണ്ടുദിവസമായി പാതയോരത്ത് ഉപേക്ഷിച്ച കാറിൽ നിന്ന് കണ്ടെത്തിയത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഇന്നലെമുതലാണ് ഒരു ആൾട്ടോ കാർ പ്രദേശവാസികൾ കണ്ടത്. ഇന്ന് ഉച്ചയായിട്ടും കാർ അവിടെത്തന്നെ കണ്ടതിന് തുടർന്ന് നാട്ടുകാർ ചെന്നുനോക്കുമ്പോഴാണ് വണ്ടിക്കുള്ളിൽ വീട്ടമ്മയെ കണ്ടെത്തിയത്.
തുടർന്ന് പൊലീസെത്തി കാർ തുറന്ന് പരിശോധിച്ചു. ഇവരുടെ ശരീരം പാതി തളർന്ന അവസ്ഥയില്‍ ആയിരുന്നു.കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. അതേസമയം പൊലീസ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.