തിരുവനന്തപുരം : ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങണം, ഒാരോ വട്ടവും ഉദ്യോഗസ്ഥർ നിയമം പറഞ്ഞ് മടക്കി അയയ്ക്കും. ഇടനിലക്കാരിലൂടെ പോയാൽ ഒന്നും അറിയണ്ട. ചോദിക്കുന്ന പണം നൽകിയാൽ ഏതു നിയമലംഘനവും നിയമവിധേയമാകും. നഗരസഭയുടെ വിവിധ സോണൽ ഓഫീസുകളിലും മെയിൻ ഓഫീസ് കേന്ദ്രീകരിച്ചും ഫയൽ നീക്കം വേഗത്തിലാക്കാൻ കാലങ്ങളായുള്ള ഇടനിലക്കാരുടെ ലേലംവിളി ഇപ്പോഴും തുടരുകയാണ്. കെട്ടിടനിർമ്മാണ അനുമതി, ടി.സി നമ്പർ,സ്ഥലപരിശോധന തുടങ്ങിയ ആവശ്യങ്ങൾ വേഗത്തിൽ നടത്തിക്കൊടുക്കാൻ നിരവധി പേരാണ് നഗരസഭാ ആസ്ഥാനത്തും വിവിധ സോണൽ ഓഫീസുകളും ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരിലൂടെയാണ് ഇടനിലക്കാർ ഫയലുകൾ ഇഷ്ടാനുസരണം തീർപ്പാക്കുന്നത്. കെട്ടിടനിർമ്മാണ അനുമതി ഓൺലൈൻ വഴിയാണെങ്കിലും അപേക്ഷ നൽകുന്നതിന് പിന്നാലെ ഇടനിലക്കാർ ഓഫീസിലെത്തും. സ്ഥലപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടനിലക്കാരാണ് തീരുമാനിക്കുന്നത്. ബിൾഡിംഗ് ഇൻസ്പെക്ടർമാരിൽ വലിയൊരു വിഭാഗം ഇടനിലക്കാരുടെ പിടിയിലാണ്.
നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീടുനിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥർ പിടിച്ചുവയ്ക്കുന്നത്. ഫോർട്ട്, വട്ടിയൂർക്കാവ്, ഉള്ളൂർ, നേമം തുടങ്ങിയ സോണൽ ഓഫീസുകളെ കുറിച്ച് പരാതികൾ ഏറെയാണ്.
നഗരാസൂത്രണ വിഭാഗത്തെ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെ എല്ലാമാസവും കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ ആരംഭിച്ചിരുന്നു. അടുത്ത കാലത്തായി അതും നിലച്ച മട്ടാണ്. ഇത് ഇടനിലക്കാർക്കും അവർക്കൊപ്പം നൽകുന്ന ഉദ്യോഗസ്ഥർക്കും വഴിയൊരുക്കുന്നത് പോലെയാണ്. എയർപോർട്ട് അതോറിട്ടിക്ക് സമീപം നിർമ്മാണങ്ങൾക്ക് അതോറിട്ടിയുടെ എൻ.ഒ.സി നിർബന്ധമാക്കിയിട്ടുണ്ട്. ഇത് തരപ്പെടുത്തി നൽകാനും ഇടനിലക്കാർ സജീവമായി രംഗത്തുണ്ട്.
സാധാരണക്കാരോട് തട്ടിക്കയറും
ഓഫീസിലെത്തുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറാനറിയാത്ത ഉദ്യോഗസ്ഥർ ഇപ്പോഴും പല ഓഫീസുകളിലുമുണ്ട്. അടുത്തിടെ നേമം സോണൽ ഓഫീസിൽ കെട്ടിട നികുതി അടയ്ക്കാനെത്തിയ സാധാരണക്കാരനോട് രൂക്ഷമായ ഭാഷയിലായിരുന്നു വനിതാ ഉദ്യോഗസ്ഥയുടെ പെരുമാറ്റം.
നികുതി അടയ്ക്കാൻ ടി.സി നമ്പർ നൽകിയപ്പോൾ സമാനമായ ടി.സിയിൽ വസ്തു ഉടമയുടെ പേര് തെറ്റായാണ് കമ്പ്യൂട്ടറിൽ കണ്ടത്. ഇതോടെ ടി.സി അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. പോയിട്ട് പിന്നെ വരാനായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. കഴിഞ്ഞ വർഷം വരെ നികുതി അടച്ച രേഖകൾ കൈയിലുണ്ടെങ്കിലും ഇപ്പോൾ നികുതി അടയ്ക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ. തെറ്റ് തിരുത്തിയാൽ മാത്രമേ അടയ്ക്കാൻ കഴിയൂവെന്നും പറഞ്ഞു. സ്വന്തം കെട്ടിടത്തിന് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് കേട്ടതോടെ ഉടമ പരിഭ്രാന്തിയിലായി.
നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ സാങ്കേതിക പിഴവാണിതെന്നും അതിനാൽ ടി.സി അടയ്ക്കുന്നതിന് തടസമില്ലെന്നും പറഞ്ഞു. നഗരസഭാ ആസ്ഥാനത്ത് നിന്ന് ഇതു സംബന്ധിച്ച നിർദ്ദേശം നേമത്തെ ഉദ്യോഗസ്ഥയ്ക്ക് നൽകി. ഇതോടെ പെരുമാറ്റം മാറി. ''അടയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ പോയിട്ട് പിന്നെ വരണം, അല്ലാതെ ഉന്നത ഉദ്യോഗസ്ഥരെ വിളിക്കുകയല്ല വേണ്ടത്. ഇവിടെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അപ്പോഴേ നടക്കൂ.'' ഇതായിരുന്നു പിന്നീടുള്ള പ്രതികരണം.
ഇടനിലക്കാരുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. മേയറുടെ നിർദ്ദേശപ്രകാരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. -പാളയം രാജൻ ടൗൺപ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഇടനിലക്കാർ തോന്നുംപടി
നഗരസഭാ സോണലുകളിലും മെയിൻ ഓഫീസിലും ഇടനിലക്കാർ ഇഷ്ടാനുസരണം കയറിയിറങ്ങുകയാണ്. ഇവരെ നിയന്ത്രിക്കാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ്. ബിൾഡിംഗ് ഡിസൈനേഴ്സിന്റെ പേരിലാണ് ഇക്കൂട്ടർ കയറിയിറങ്ങുന്നത്. എൻജിനിയറിംഗ് വിഭാഗത്തിൽ ഓഫീസ് സമയങ്ങളിൽ ഇവർ ഫയലുകളുമായെത്തി തീർപ്പാക്കി പോകുന്നതാണ് പതിവ്. ഇടനിലക്കാരെ നിയന്ത്രിക്കുന്നതിന് 2017ൽ സർക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു. നഗരകാര്യ ഡയറക്ടർ നൽകുന്ന കാർഡുമായി അംഗീകൃത ബിൾഡിംഗ് ഡിസൈനർമാർ ഓഫീസുകളിലെത്തണമെന്നായിരുന്നു നിർദേശം. ആവശ്യങ്ങളുമായെത്തുന്ന ഡിസൈനർമാരുടെ കാർഡ് പരിശോധിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ അതും അട്ടിമറിക്കപ്പെട്ടു.