തിരുവനന്തപുരം: പ്ലാസ്റ്റിക്കിന് ബദൽ മാർഗം തേടി എങ്ങും അലയേണ്ട... തലസ്ഥാനത്തെ കനകക്കുന്നിലെ സൂര്യകാന്തി ഓഡിറ്റോറിയത്തിലെത്തിയാൽ ബദലുകൾ ഏറെ കാണാം. തുണി സഞ്ചി, തുണി ബാഗുകൾ, പേപ്പർ പേനകൾ, പേപ്പർ കാരി ബാഗുകൾ, വാഴനാരും ചണവും കൊണ്ടുണ്ടാക്കിയ ബാഗുകളും ചെരുപ്പുകളും...
നിത്യോപയോഗത്തിലെ പ്ലാസ്റ്റിക് സാമഗ്രികളെ പടികടത്താനുള്ളവയെല്ലാം ഇവിടെയുണ്ട്. ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വസംഗമം പ്രദർശന വിപണനമേളയിലാണ് ഇവയെല്ലാം കാണികളെ ആകർഷിക്കുന്നത്.
പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമുള്ള ബദൽ ഉത്പന്നങ്ങളും വീടുകളിലുൾപ്പെടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന മാർഗങ്ങളും കാഴ്ചക്കാരെ ബോദ്ധ്യപ്പെടുത്തുന്നു. പുനരുപയോഗിക്കാവുന്ന നോട്ട്ബുക്കുകൾ, പേന, പെൻസിൽ, പേപ്പർ, മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകൾ, കോംപാക്ട് പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകൾ, ഇന്റർലോക്കിംഗ് ടൈലുകൾ, സാനിട്ടറി നാപ്കിൻ ഇൻസിനറേറ്ററുകൾ, ഇല, സ്റ്റീൽ മുതലായവ കൊണ്ടുള്ള സ്ട്രോകൾ, മെത്ത തുടങ്ങി 500 ലേറെ ഉത്പന്നങ്ങളാണ് പ്ലാസ്റ്റിക്കിനു ബദലായി ഇവിടെ പ്രദർശനത്തിനുള്ളത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ നിരോധനം സംസ്ഥാനത്ത് നിലവിൽ വന്ന സാഹചര്യത്തിൽ ഇതിനു ബദലായുള്ള ഉത്പന്നങ്ങളുടെ വൻശേഖരമാണ് മേളയിലെ മുഖ്യ ആകർഷണം.
ബയോപോട്ടുകൾ, ബയോബിന്നുകൾ, ബയോ ഗ്യാസ് നിർമ്മാണം എന്നിവയുടെ പ്രവൃത്തി പരിചയവും മേളയുടെ ഭാഗമായുണ്ട്. വ്യത്യസ്ത വിഭവങ്ങളുമായി നാടൻ ഭക്ഷ്യമേളയുമുണ്ട്. ശുചിത്വ സംഗമം 21 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരം നാടൻ തെങ്ങോല സ്ട്രോ
തിരുവനന്തപുരം: കേരളനാട്ടിലുള്ള നമ്മൾ തെങ്ങോലയിൽ നിന്നും സ്ട്രോ ഉണ്ടാക്കാനാകുമെന്ന വിദ്യ പഠിക്കാൻ ഇനി ബംഗളൂരുവിലുള്ളവരോട് ശിഷ്യപ്പെടണം. പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചപ്പോഴാണ് നമ്മൾ ബദലിനായി അന്വേഷണം തുടങ്ങിയതെങ്കിൽ ബംഗളൂരുകാർ നേരത്തെ ഈ പരിശ്രമം തുടങ്ങി. ഫലമോ തെങ്ങുകളുള്ള നാട്ടിൽ തെങ്ങോല സ്ട്രോ ഉണ്ടാക്കുന്നതിന് മുൻപേ ബംഗളൂരുവിലുള്ളവർ നമ്മെ കടത്തിവെട്ടി. കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ശുചിത്വസംഗമം പ്രദർശന വിപണനമേളയിലെ സ്റ്റാളിലാണ് ഉണങ്ങിയ ഓല കൊണ്ടുണ്ടാക്കിയ സ്ട്രോകൾ ഉള്ളത്. ബംഗളൂരു കേന്ദ്രമാക്കിയുള്ള സ്റ്റാർട്ട് അപ് കമ്പനിയായ എവലോ ജ്യ എന്ന സംരംഭമാണ് പ്ലാസ്റ്റിക് വിമുക്തമായ ഈ കുഴൽ പുറത്തിറക്കിയിരിക്കുന്നത്. ഉണങ്ങിയ ഓലയ്ക്കാൽ ഈർക്കിൽ മാറ്റിയ ശേഷം കുഴലുരൂപത്തിലാക്കുന്നു. ഇളകിപ്പോകാതിരിക്കാൻ ജൈവപശ തേച്ച് ഒട്ടിക്കും. വില ഒന്നിന് 50 പൈസയിൽ താഴെയേയുളൂ. ബംഗളൂരുവിലെ ചെറുതും വലുതുമായ മിക്ക കടകളിലും ഇത് വിതരണത്തിനെത്തിയിട്ട് ഒരു വർഷം പിന്നിട്ടു. ചെറിയ അളവിലും വലിയ അളവിലും സ്ട്രോകൾ ലഭ്യമാണ്.
കോട്ടയം എം.ജി യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തമായ പുൽതണ്ടിൽ നിർമ്മിച്ച സ്ട്രോയും ശ്രദ്ധേയമാണ്. പോത എന്ന പുല്ലിന്റെ തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രോ പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരമായി ഉപയോഗിക്കാം. നാട്ടിൻപുറത്തെ പാടത്തും വരമ്പുകളിലും കാണുന്ന പോത എന്ന പുൽച്ചെടിയുടെ തണ്ട് മുറിച്ചെടുത്ത ശേഷം അകത്തെ മാർദവമുള്ള ഭാഗം കുത്തി പുറത്തു കളഞ്ഞ് കുഴലുപോലെയാക്കും. തുടർന്ന് വൃത്തിയാക്കി ഉപയോഗിക്കാം. എറണാകുളം സ്വദേശി ഷിജോജോയ് ആണ് ആശയം മുന്നോട്ട് വച്ചത്. ഇതു കൂട്ടുകാരായ അഭിജിത്ത്, അജിത്ത് എന്നിവർ പ്രാവർത്തികമാക്കുകയായിരുന്നു. എംഎസ്.സി എൺവയൺമെന്റൽ സയൻസ് വിദ്യാർഥികളായ ഇവർ ഈ കണ്ടുപിടിത്തവുമായാണ് മേളയിലെത്തിയത്. കുറഞ്ഞ ചെലവിൽ സംസ്കരിച്ച് കടകളിൽ എത്തിച്ചാൽ പ്ലാസ്റ്റിക് സ്ട്രോകളോട് കടക്ക് പുറത്ത് പറഞ്ഞ് തനി നാടനിലേക്ക് മടങ്ങാം.
പഴയ സാരിയോ പാന്റോ കൊണ്ടുവരൂ ...തുണിസഞ്ചികളുമായി തിരികെ പോകാം
വീട്ടിൽ ഉപയോഗിക്കാതെ കൂട്ടിവച്ചിട്ടുള്ള സാരിയോ പാന്റോ ഷർട്ടോ കൊണ്ടുവന്നാൽ പകരം തുണിസഞ്ചികളുമായി മടങ്ങാം. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന്റെ സ്റ്റാളിലാണ് ഈ സൗകര്യമുള്ളത്. തയ്യൽമെഷീനുമായി കരകുളത്തെ സന്നദ്ധസേവകർ സ്റ്റാളിൽ കാത്തിരിക്കുകയാണ്. സഞ്ചികൾ നിർമ്മിച്ച് നൽകുക മാത്രമല്ല, ഇതിന്റെ നിർമ്മാണ രീതികൾ പറഞ്ഞുതരികയും ചെയ്യും.