തിരുവനന്തപുരം : ദക്ഷിണേന്ത്യാ സഭ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരിച്ചെത്തിയ മോസ്റ്റ് റവ. എ.ധർമ്മരാജ് റസാലത്തിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. സഭാ വിശ്വാസികളും വൈദികരും അടങ്ങുന്ന നൂറുകണക്കിന് പേരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ഇന്നലെ എത്തിയത്.
ചെന്നൈയിൽ നിന്നു രാവിലെ 10.30 ന് എത്തിയ റസാലം തിരുമേനിയെ ഹാരാർപ്പണം ചെയ്തും ബൊക്കെ നൽകിയുമാണ് സഭാ വിശ്വാസികൾ സ്വീകരിച്ചത്. തങ്ങളുടെ ആദരണീയ ബിഷപ്പിന്റെ പുതിയ സ്ഥാനലബ്ദിയിൽ ആഹ്ലാദത്തോടെയാണ് ഇവർ എത്തിയത്. വിശ്വാസികളുടെ സ്നേഹ പ്രകടനവും തിരക്കും കൂടിയപ്പോൾ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി.
തുടർന്ന് വൈദികരുടെയും മറ്റും ശ്രമഫലമാട്ടാണ് അദ്ദേഹത്തെ കാറിനടുത്തേക്ക് എത്തിക്കാനായത്.
ദൈവത്തിന്റെ നിയോഗവും തിരഞ്ഞെടുപ്പുമാണ് സി.എസ്.ഐ മോഡറേറ്റർ എന്ന ഉത്തരവാദിത്വം ലഭിച്ചതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നാളിതുവരെ ചെയ്ത ദരിദ്ര ജനതയുടെ പക്ഷം ചേർന്നുള്ള ശുശ്രൂഷ തുടരും. യുവജനതയുടെ ആശയങ്ങളും ആവേശവുമുൾക്കൊണ്ടും കാലഘട്ടത്തിന്റെ യാഥാർഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടും ഇളം തലമുറയെ വളർത്താനും പ്രോത്സാഹിപ്പിക്കാനും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റസാലം തിരുമേനിക്കൊപ്പം അദ്ദേഹത്തിന്റെ സഹധർമിണി ഷെർളി റസാലം, മകൻ ഷിനോയ് എസ്. റസാലം എന്നിവരുമുണ്ടായിരുന്നു.
സഭ വൈസ് ചെയർമാൻ ഡോ. ആർ.ജ്ഞാനദാസ്, വൈദികരായ ഡോ. എൽ.ജെ. സാംജി, ഐ. തങ്കപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദേഹത്തെ സ്വീകരിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പാളയം എൽ.എം.എസ് സഭാ ആസ്ഥാനത്തേക്ക് എത്തിച്ചു.