പോത്തൻകോട്: വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെത്തുന്നവർ നിരനിരയായി പൂത്തുനിൽക്കുന്ന ഈന്തപ്പനകൾ കണ്ട് ഒരു നിമിഷം അമ്പരന്ന് പോകും. ഏതോ ഗൾഫ് രാജ്യത്തെത്തിയ പ്രതീതിയാണ് ഉളവാകുന്നത്.
നാട്ടിലെ പച്ചപ്പ് പോലെ ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് മറക്കാൻ കഴിയുന്നതല്ല അവിടത്തെ ഈന്തപ്പനകൾ. പ്രവാസിയും പ്രശസ്ത പെരിയോഡോന്റിസ്റ്റുമായ ഡോ.പി.എസ്. താഹ വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിന്റെ ഹരിത കാമ്പസിൽ നട്ടുവളർത്തിയ ഈന്തപ്പനകളാണ് കുലച്ചത്. നാലുവർഷം മുമ്പ് രാജസ്ഥാനിൽ നിന്നെത്തിച്ച അഞ്ച് അടിയോളം വളർച്ചയെത്തിയ നൂറോളം തൈകളാണ് 20 അടി ഉയരത്തിൽ വളർന്ന് കായ്ച്ചു നിൽക്കുന്നത്. ഓരോ ഈന്തപ്പനയിൽ നിന്നും ഈ സീസണിൽ 40 മുതൽ 60 കിലോവരെ ഈന്തപ്പഴം കിട്ടുമെന്നാണ് കോളേജിലെ തോട്ടത്തിന്റെ ചുമതലയുള്ള ജീവനക്കാരൻ പറയുന്നത്.
പ്രധാനമായും അറബ് രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഈന്തപ്പനകൾ നമ്മുടെ നാട്ടിൽ വിരളമാണ്. നൈസർഗികമായി മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായി വളരുന്ന ഈ ഫലവൃക്ഷം, അറബ് രാജ്യങ്ങളെ പോലെ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. ഒറ്റത്തടി വൃക്ഷമായ ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും ചിലത് ഇരുപത്തഞ്ചു മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്. ഒരു മരത്തിൽനിന്ന് ഒരു സീസണിൽ നൂറുകിലോയോളം ഈന്തപ്പഴങ്ങൾ ലഭിക്കുമെന്നാണ് കണക്ക്. ഒരു കുലയ്ക്ക് അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം ഉണ്ടാകും. ആൺപൂവും പെൺപൂവും വെവ്വേറെ മരങ്ങളിലായതിനാൽ ആൺപൂവിതൾ പെൺപൂവിൽ വച്ചു കെട്ടിയാണ് പരാഗണം നടത്തുന്നത്. കൃഷിത്തോട്ടങ്ങളിലും മറ്റും പെൺ പനകളാണ് നട്ടുവളർത്തുന്നത്. ഏഴു മുതൽ എട്ടുവരെ വർഷങ്ങൾ വേണം കായ്ച്ചുതുടങ്ങാൻ. ജനുവരിയിൽ പൂക്കുന്ന ഈന്തപ്പനകൾ ജൂലായ് മാസത്തോടെ വിളവെടുപ്പിന് പാകമാകും.