തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നിശാഗന്ധി നൃത്തോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും. വൈകിട്ട് 6 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത ഭരതനാട്യ
പണ്ഡിതനും നർത്തകനും നൃത്ത സംവിധായകനും ഗുരുവും പത്മഭൂഷൺ ജേതാവുമായ ഡോ. സി.വി. ചന്ദ്രശേഖറിന് ചടങ്ങിൽ മുഖ്യമന്ത്രി സമർപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, കലാമണ്ഡലം മുൻ ചെയർമാൻ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ, മേതിൽ ദേവിക, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പി. പ്രവീൺ കുമാർ, അരുൺ ശങ്കർ, മൻസിയ .വി.പി, അർജുൻ എസ്. കുളത്തിങ്കൽ, എൻ. ശ്രീകാന്ത് ആൻഡ് അശ്വതി ശ്രീകാന്ത്, ദേവിക സജീവൻ, ജ്യോത്സനാ ജഗന്നാഥൻ എന്നിവരാണ് ഇത്തവണ ഭരതനാട്യവുമായി അരങ്ങിലെത്തുക. കലാമണ്ഡലം വീണാ വാര്യർ, ഡോ.ആർ.എൽ.വി. രാമകൃഷ്ണനും സംഘവും, മാധവി ചന്ദ്രൻ, ഡോ. എൻ. സുമിത നായർ എന്നിവർ മോഹിനിയാട്ടം അവതരിപ്പിക്കും. കവിത ദ്വിബേദിയും സംഘവും ഒഡിസിയും ബിംമ്പാവതി ദേവിയും സംഘവും മണിപ്പൂരിയും നവീൻ ആർ ഹെഗ്ദേയും രോഹിണി പ്രഭാതും കഥക്കും അങ്ങിലെത്തിക്കും. ഗീതാ പത്മകുമാറും സംഘവും ഡോ. ആനന്ദ ശങ്കർ ജയന്തും രേഷ്മ യു. രാജും കുച്ചിപ്പുടി അവതരിപ്പിക്കും.
ഒഡിസി, ഛൗ, മോഹിനിയാട്ടം, കഥക്, മണിപ്പൂരി എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച നൃത്യധാര എന്ന പരിപാടിയാണ് ഉദ്ഘാടനദിവസം അരങ്ങേറും. പദ്മശ്രീ രഞ്ജന ഗൗഹാർ (ഉത്സവ് ), ഗുരു സന്തോഷ് നായർ ആൻഡ് സന്ധ്യ, ഗുരു ജയപ്രഭാ മേനോൻ (ദ ഇന്റർനാഷണൽ സെന്റർ ഫോർ മോഹിനിയാട്ടം), ഗുരു വിധാലാൽ (എ.വി ഡാൻസ് കമ്പനി), ഗുരു മംഗോൽജാ സിംഗ് (മണിപ്പൂരി കൾച്ചറൽ ട്രൂപ്പ്) എന്നിവരാണ് 'നൃത്യ ധാര'യ്ക്കു പിന്നിൽ. ഏഴു ദിവസവും നൃത്തയിനങ്ങൾക്കു സമാന്തരമായി നടക്കുന്ന കഥകളിമേളയിൽ കലാമണ്ഡലം ഗോപി ഉൾപ്പെടെയുള്ള പ്രമുഖ കലാകാരൻമാർ അണിനിരക്കും. നൃത്തോത്സവത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.