beef

തിരുവനന്തപുരം: അടുത്തിടെയാണ് കേരള ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ വന്ന 'ബീഫ് ഉലർത്തിയതി'ന്റെ ചിത്രം ഏറെ വിവാദം സൃഷ്ടിച്ചത്. ഇന്ത്യയുടെ വടക്കേ ഭാഗത്തുനിന്നുമുള്ളവരാണ് ഈ ട്വീറ്റിനെതിരെ വ്യാപകമായ രീതിയിൽ വിമർശനം അഴിച്ചുവിട്ടതെങ്കിൽ ബീഫിനോട് ഏറെ പ്രിയമുള്ള മലയാളികളാകട്ടെ ഇത്തരം വിമർശനങ്ങളെ അത്ര കാര്യമാക്കിയതുമില്ല. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ബീഫിനോടുള്ള മലയാളികളുടെ താത്പര്യം താരതമ്യേന കുറഞ്ഞുവരികയാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു സർവേ ഫലം സൂചിപ്പിക്കുന്നത്.

അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിംഗ് വകുപ്പ് പുറത്തിറക്കിയ സർവേയിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളതെന്ന് 'ദ ന്യൂ ഇന്ത്യൻ എക്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് സംസ്ഥാനത്തെ മാംസ ഉപഭോഗത്തിൽ കുറവ് സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2018ൽ മലയാളികൾ 2.57 ലക്ഷം ടൺ ബീഫാണ് അകത്താക്കിയതെങ്കിൽ 2018-2019ൽ ഇത് 2.49 ലക്ഷം ടൺ ആയി കുറഞ്ഞുവെന്നാണ് സർവേ ഫലം പറയുന്നത്.

ഇതിൽ 1.52 ലക്ഷം ടൺ മാംസം കന്നുകാലികളുടേതും 97,051 ടൺ പോത്തിന്റെ മാംസവുമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത് യഥാക്രമം 1.59 ലക്ഷം ടണ്ണും 98,440 ടണ്ണുമായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

മറ്റ് മാംസാഹാരങ്ങളായ ചിക്കൻ, മട്ടൻ എന്നിവയോടും മലയാളികൾക്കുള്ള താത്പര്യം താരതമ്യേന താഴേക്കാണെന്നും(4.69 ലക്ഷം ടണ്ണിൽ നിന്നും 4.57ലേക്ക്) സർവേ ഫലത്തിൽ പറയുന്നുണ്ട്. അതേസമയം, കേരളത്തിൽ പോർക്ക് കഴിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായാണ് സർവേ കാണിക്കുന്നത്. 2017-2018 കാലഘട്ടത്തിൽ 6,880 ടൺ പോർക്കാണ് മലയാളികൾ ഭക്ഷിച്ചതെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 7,110 ടൺ ആയി ഉയർന്നു.