red-242

കൈകൾ കൊണ്ട് ശേഖരകിടാവ് തന്റെ തുടകൾ മാന്തിക്കീറി.

പിന്നെ പിടച്ചിൽ നിന്നു.

മടങ്ങിയ വിരലുകൾ അങ്ങനെ തന്നെയിരുന്നു.

പുറത്തെ ബഹളങ്ങൾ കേട്ട ചന്ദ്രകലയ്ക്കു ഭീതി വർദ്ധിച്ചു.

നേരത്തെ ഈ കോവിലകത്തുവച്ച് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അവളെ വിറപ്പിച്ചു.

എന്തോ ബോധോദയം ഉണ്ടായതുപോലെ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.

തല കറങ്ങുന്നു...

ഇപ്പോഴും മുടിയിൽ ചോര കുഴഞ്ഞു പറ്റുന്നതുപോലെ...

വേച്ചുവേച്ചു ചെന്ന് അവൾ വാതിലിന്റെ അകത്തെ ബോൾട്ടുകൾ ഇട്ടു.

*******

പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ ബലഭദ്രൻ തമ്പുരാൻ കാലുകൾ നീട്ടിവച്ചു

നടന്നു. അവിടെനിന്ന് ഒരു ഓട്ടോ വിളിച്ച് കരുളായിക്കു പോകുവാൻ അയാൾ മടിച്ചു. കാരണം താൻ രാത്രിമുഴുവൻ പോലീസ് സ്റ്റേഷനിൽ ആയിരുന്നതിനാൽ, അക്കാര്യം ആർക്കെങ്കിലും സംശയം തോന്നിയാൽ പലതും അവർ ചികഞ്ഞെടുക്കും.

പ്രത്യേകിച്ചും കിടാവിന്റെ ആളുകൾ. അത് പിന്നീട് ചെന്നെത്തി നിൽക്കുന്നത് പ്രജീഷിനെ പുഴുങ്ങിക്കൊന്ന സ്ഥലത്തായിരിക്കും.

പണത്തിന്റെ കണക്കു കേട്ടപ്പോൾ എസ്.പിയുടെയും സി.ഐയുടെയും കണ്ണുതള്ളി എന്നതു സത്യം. എന്നാൽ താൻ കൂടി ഉൾപ്പെട്ട കൊലപാതകമാണെന്ന് പുറംലോകമറിഞ്ഞാൽ അവർ ചിലപ്പോൾ കാലുമാറിയെന്നിരിക്കും.

നേരം ശരിക്കു പുലർന്നിട്ടില്ല. ഇപ്പോഴും ഇരുട്ടും മഞ്ഞും കൂടിക്കലർന്ന് തണുത്തു കിടക്കുകയാണ് പ്രകൃതി.

രാത്രിയിലെ ഉറക്കമില്ലായ്മയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും പ്രഭാതത്തിലെ ആ നടപ്പിന് ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടു ബലഭദ്രന്.

തന്റെ ആളുകൾ കുറ്റം ഏറ്റുകൊള്ളും എന്ന കാര്യത്തിൽ തമ്പുരാന് സംശയമില്ല.

എന്നാൽ ഷാജഹാനും അലിയാരും... കേസ് ചാർജ് ചെയ്ത് പ്രതികൾ റിമാന്റിൽ ആകുന്നതുവരെ ഇരുവരുടെയും ഒപ്പമുണ്ടെന്നു താൻ ഭാവിക്കണം. ആടിനു പ്ളാവില കാണിച്ച് കൊതി പിടിപ്പിക്കുന്നതുപോലെ പണത്തിന്റെ കാര്യം ഓർമ്മപ്പെടുത്തി അവരെ അടക്കി നിർത്തണം.

പക്ഷേ ഒറ്റ പൈസ അവർക്ക് തന്നിൽ നിന്നു കിട്ടാൻ പോകുന്നില്ല. പോലീസുകാരെ 'നക്കാപ്പിച്ച' കൊടുത്ത് ഒതുക്കും. കൃത്യമായ പ്ളാനിങ്ങോടു കൂടി താൻ സി.ഐയെയും എസ്.ഐയെയും പരലോകത്തേക്ക് അയയ്ക്കുകയും ചെയ്യും.

അങ്ങനെ ചിന്തിച്ചപ്പോൾ ബലഭദ്രൻ തമ്പുരാന്റെ മുഖത്ത് ഒരു പുഞ്ചിരി മിന്നി.

നേരെ കരുളായി റോഡിലൂടെ പോകുന്നതിനു പകരം അയാൾ 'കുംഭാരക്കോളനി' വഴി നടന്നു. അതുവഴി കുറുക്കുവഴിയുണ്ട്.

പക്ഷേ...

ഒരു തിരിവിൽ എത്തിയതും ഉയർന്ന കയ്യാലയ്ക്കു മുകളിൽ കരിയിലകൾ ഞെരിയുന്ന ശബ്ദം.

തമ്പുരാൻ തലയുയർത്തി നോക്കി. ആ ക്ഷണം വവ്വാൽ ചിറകുകൾ പോലെ കരിമ്പടം വീശിക്കൊണ്ട് ആറേഴുപേർ താഴേക്കു പറന്നുവന്നു.

''ഏയ്..."

തമ്പുരാന് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല...

ഒരു കരിമ്പടം അയാളുടെ ശിരസ്സിനെ ചുറ്റി വീണു.

തമ്പുരാൻ റോഡിലേക്കു മറിഞ്ഞു. പുറത്തേക്ക് ആ സംഘവും!

*******

വടക്കേ കോവിലകം. പുറത്ത് രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാർ മടങ്ങാൻ ഭാവിക്കുകയായിരുന്നു.

ആ സമയത്ത് അലിയാരുടെ ഫോൺ കോൾ..

''നിങ്ങൾ അവിടെത്തന്നെ ഉണ്ടാവണം. ഒൻപതു മണിയോടെ ഞങ്ങൾ അങ്ങെത്തും."

ഒന്നു മുഷിഞ്ഞു പോലീസുകാർക്ക്. പക്ഷേ അനുസരിക്കാതിരിക്കുവാൻ കഴിയില്ലല്ലോ...

അപ്പോൾ കോവിലകത്തിനുള്ളിൽ...

താൻ ഇരിക്കുന്ന മുറിയുടെ വാതിലിൽ ആരോ തള്ളിയതുപോലെ തോന്നി ചന്ദ്രകലയ്ക്ക്.

അവൾ ഒന്നുലഞ്ഞു.

അതോ തോന്നലായിരുന്നോ?

എന്നാൽ അടുത്ത ക്ഷണം വാതിലിന്റെ പുറത്തെ ഓടാമ്പൽ നീക്കപ്പെട്ടത് അവളറിഞ്ഞു.

പിന്നെ തടിപ്പാളികളിൽ ശക്തമായ മുട്ടൽ.

''ആ...രാ?"

ചന്ദ്രകലയുടെ ശബ്ദം പതറി.

''ഞങ്ങളാ. നിങ്ങളെ രക്ഷിക്കാൻ വന്നതാ..."

പുറത്തുനിന്നു കേട്ട ശബ്ദം എവിടെയോ പരിചയപ്പെട്ടതു പോലെ...! ചന്ദ്രകലയുടെ തലച്ചോർ പുകഞ്ഞു.

''ഞാനെന്നു പറഞ്ഞാൽ ആരാ?"

''ഞാനാ മമ്മീ. പാഞ്ചാലി."

ചന്ദ്രകലയുടെ നെഞ്ചിനുള്ളിൽ ഒരു കുടുക്കം.

''പാഞ്ചാലിയോ...."

''അതേന്നേ... അല്ലെങ്കിൽ വാതിൽ തുറന്ന് നോക്ക്."

''ഇല്ല. തുറക്കത്തില്ല... മരിച്ചുപോയ പാഞ്ചാലിയെങ്ങനെ വരാനാ?" ചന്ദ്രകല ഭീതി നിയന്ത്രിക്കാൻ ശ്രമിച്ചു.

പെട്ടെന്ന് വാതിലിൽ തള്ളുന്നതിനു ശക്തികൂടി.

അടുത്ത നിമിഷം ഒരുപാടുപേർ ഒന്നിച്ചു വാതിലിൽ ചവിട്ടിയതുപോലെ ലോക്കുകൾ ഇളകി.

പാളികൾ അകത്തേക്കു തുറന്ന് ഇരുഭാഗത്തെയും തടിഭിത്തികളിൽ ചെന്നിടിച്ചു.

അമ്പരപ്പോടെ ചന്ദ്രകല കണ്ടു. വാതിലിനു മുന്നിൽ ശിരസ്സുവഴി കരിമ്പടം പുതച്ച ഒരു രൂപം!

അതിനു പിന്നിൽ അസംഖ്യം പേർ...

ശിരസ്സിലെ വേദന മറന്ന് ചന്ദ്രകല ചാടിയെഴുന്നേറ്റു.

''എന്നെ... കൊല്ലരുത്."

''കൊല്ലാനോ?"

ആദ്യം മുന്നിൽ നിന്ന രൂപം മുറിക്കുള്ളിലേക്കു ചുവടുവച്ചു.

ചന്ദ്രകലയുടെ തൊട്ടു മുന്നിലെത്തി. അവൾ പിന്നോട്ടു മാറാൻ ശ്രമിച്ചു. കഴിഞ്ഞില്ല. കാലുകൾ തറയിൽ ഒട്ടിപ്പോയതുപോലെ...

''എന്നെ മമ്മിക്കു കാണണ്ടേ?" ചോദിച്ചുകൊണ്ട് ആ രൂപം ശിരസ്സിലെ കരിമ്പടം തട്ടിക്കളഞ്ഞു.

മുന്നിൽ കരിഞ്ഞതുപോലെ നിൽക്കുന്ന കുറ്റിത്തലമുടിയുള്ള രൂപത്തെ കണ്ട് ചന്ദ്രകല അടിമുടി വിറച്ചു...

(തുടരും)