killed-

കാൺപൂർ: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതികൾ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി. ഉത്ത‌ർപ്രദേശിലെ കാൺപൂരിലാണ് സംഭവം. നഗരത്തിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പീഡനക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അബിദ്, മിന്റു, മഹാബൂബ്, ചാന്ദ് ബാബു, ജമീൽ, ഫിറോസ് എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

2018ലാണ് 13 വയസുള്ള പെൺകുട്ടിയെ ആറുപേ‌ർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രാദേശിക കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതികൾ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി തങ്ങൾക്കെതിരെയുള്ള പീഡനക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടങ്കിലും അമ്മയും പെൺകുട്ടിയും കേസ് പിൻവലിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് പെൺകുട്ടിയെയും അമ്മയെയും ക്രൂരമായി മർദ്ധിക്കുകയായിരുന്നെന്ന് കാൺപൂർ പൊലീസ് പറയുന്നു. വീടിന്റെ ടെറസിൽ വച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യവും പുറത്തായിട്ടുണ്ട്. ചുവന്ന കുർത്ത ധരിച്ച് നിലത്ത് കിടക്കുന്ന സ്ത്രീയെ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ ചവിട്ടുന്നതാണ് ദൃശ്യത്തിൽ.

ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ കാൺപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികൾക്ക്കൂടി വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും, പരാതിയിൽ അന്വഷണം നടത്തുകയാണെന്ന് കാൺപൂർ പൊലീസ് മേധാവി അനന്ത് ദിയോ വ്യക്തമാക്കി.