nirbhaya

ന്യൂഡൽഹി: തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പ്രസ്താവന നടത്തിയ 'നിർഭയ'യുടെ അമ്മയായ ആശാ ദേവിയോട് സോണിയ ഗാന്ധിയുടെ പാത പിന്തുടരാൻ ആവശ്യപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഇന്ദിര ജയ്‌സിംഗ്. തന്റെ മകളോട് 'നിർഭയ' കേസിലെ പ്രതികൾ ചെയ്ത ക്രൂരതകൾക്ക് അവരോടു ക്ഷമിക്കാനും ഇന്ദിര ജയ്‌സിംഗ് തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ആശാ ദേവിയുടെ വേദന താൻ മനസിലാക്കുന്നുണ്ടെന്നും. രാജീവ് ഗാന്ധിയുടെ മരണത്തിന് ഉത്തരവാദികളിൽ ഒരാളായ നളിനിക്ക് വധശിക്ഷ നൽകരുതെന്ന് സോണിയ ഗാന്ധി പറഞ്ഞതുപോലെ ആശാ ദേവിയും പ്രവർത്തിക്കണമെന്നാണ് അഭിഭാഷക പറയുന്നത്. രാജീവ് ഗാന്ധി വധത്തിൽ പങ്കാളികളായ അഞ്ചംഗ സംഘത്തിൽ പെട്ടവരിൽ ആകെ ജീവിച്ചിരിക്കുന്നത് നളിനി മാത്രമാണ്.

എന്നാൽ ഇങ്ങനെ തന്നോട് പറയാൻ എങ്ങനെ ധൈര്യം വന്നുവെന്നാണ് ആശാ ദേവി ഇന്ദിര ജയ്‌സിംഗിന്റെ അഭ്യർത്ഥനയോട് പ്രതികരിച്ചത്. കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്. ഇവരെ പോലുള്ളവരെ കാരണമാണ് ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കാത്തത്. ഇങ്ങനെയൊരു കാര്യം എന്നോട് നിർദ്ദേശിക്കാൻ അവർക്ക് ധൈര്യം വന്നുവെന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. സുപ്രീം കോടതിയിൽ വച്ച് അവരെ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു തവണ പോലും എന്റെ സുഖവിവരം അവർ തിരക്കിയിട്ടില്ല. ആ അവർ ഇപ്പോൾ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ ഇവരെപ്പോലുള്ളവർ പിന്തുണയ്ക്കുന്നത് കൊണ്ടാണ് ബലാൽസംഗ കുറ്റകൃത്യങ്ങൾ അവസാനിക്കാത്തത്.

തന്റെ മകളുടെ മരണം വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിക്കും ആം ആദ്മി പാർട്ടിക്കുമെതിരെ ആശാ ദേവി രംഗത്തുവന്നിരുന്നു. 'ഇതുവരെ ഞാൻ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നീതിക്ക് വേണ്ടി കൈകൂപ്പി അഭ്യർത്ഥിക്കുകയാണ് ചെയ്തത്. 2012ൽ കറുത്ത കൊടിയും ത്രിവർണപതാകയുമായി തെരുവിൽ പ്രതിഷേധിച്ചവർ ഇന്ന് രാഷ്ട്രീയ നേട്ടത്തിനായി മകളുടെ മരണം ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കണം.' ഇങ്ങനെയായിരുന്നു ആശാ ദേവിയുടെ വാക്കുകൾ.