ന്യൂഡൽഹി: കെ.പി.സി.സി പുനസംഘടന പട്ടിക അവസാന ഘട്ടത്തിലെത്തിയതോടെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ നിലപാടിനെ പൂർണമായി തള്ളിക്കളഞ്ഞുണ്ടാക്കുന്ന സമിതിയുമായി യോജിച്ച് പോകാനാവില്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു. നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്പോ പട്ടികയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതെങ്കിൽ താന്‍ സ്ഥാനം ഒഴിയുമെന്ന് മുകുള്‍വാസ്‌നിക്ക് അടക്കമുള്ള നേതാക്കളെ കണ്ട് മുല്ലപ്പള്ളി വ്യകത്മാക്കി.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പുനസംഘടന വിവരങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അറിയിച്ചതാണ്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകുള്‍വാസ്‌നിക്കിന് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാൽ മുല്ലപ്പള്ളി അതിന് തയ്യാറായില്ല. പട്ടിക നിർമാണത്തിൽ മുല്ലപ്പള്ളി കർശന നിലപാടെടുത്തതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും വീണ്ടും തുടര്‍ചര്‍ച്ചകൾക്കായി ഡൾഹിയിലേക്ക് വിളിപ്പിക്കാനാണ് ഹൈക്കമാഡിന്റെ തീരുമാനം. പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് തയ്യാറാക്കിയ പട്ടികയില്‍ പുനക്രമീകരണം ഉണ്ടാവുമെങ്കിലും അന്തിമ പട്ടിക സംബന്ധിച്ച് ദേശീയ നേതാക്കള്‍കിടയില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ഭാരവാഹി പട്ടികയുടെ ബാഹുല്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കമാന്‍റ് നിലപാട്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം, എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകേണ്ട, 70 വയസ് എന്ന പ്രായ പരിധി പാലിക്കണം, പത്തു വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം.