ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. ദേശീയ സുരക്ഷയ്ക്കും, ക്രമസമാധാനത്തിനും ഭീഷണിയാണെന്നു കരുതുന്ന വ്യക്തിയെ കുറ്റമൊന്നും ചുമത്താതെ മാസങ്ങളോളം തടവിൽവയ്ക്കാൻ ദേശീയ സുരക്ഷ നിയമത്തിലൂടെ സാധിക്കും.
പൊലീസിന് പ്രത്യേക അധികാരം നൽകുന്നതാണ് ഗവര്‍ണറുടെ ഉത്തരവ്. ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ഈ നിയമം പ്രയോഗിക്കാനാണ് അനുമതി. നിയമത്തിലെ സെക്‌ഷൻ മൂന്നിലെ ഉപവകുപ്പ് രണ്ട് പ്രകാരം തടഞ്ഞുവയ്ക്കാനുള്ള അധികാരം പൊലീസിന് ഉണ്ടാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള അനുമതി ഡല്‍ഹി പൊലീസിന് നൽകിയത് കൂടുതല്‍ ജനാധിപത്യ ലംഘനത്തിന് കാരണമാവുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം ഉത്തരവുകള്‍ ഓരോ മൂന്ന് മാസം കൂടുമ്പോള്‍ ഉണ്ടാകാറുണ്ടെന്നും, അസ്വാഭാവികമായി ഒന്നുമില്ലെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദ്, മണിപ്പൂരിലെ മാദ്ധ്യമ പ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം ഉൾപ്പെടെയുള്ളവരെ നേരത്തെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഒരു വ്യക്തിയോട് എന്ത് കുറ്റത്തിനാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് പത്ത് ദിവസം വരെ പൊലീസിന് വ്യക്തമാക്കേണ്ട ആവശ്യമില്ല. തടങ്കലില്‍ പാര്‍പ്പിച്ച വ്യക്തിക്ക് ഹൈക്കോടതി ഉപദേശക സമിതിക്കു മുന്‍പാകെ അപ്പീല്‍ സമര്‍പ്പിക്കാമെങ്കിലും വിചാരണ സമയത്ത് വക്കീലിനെ വയ്ക്കാനുള്ള അനുമതി ഉണ്ടാകില്ല.