china

ബീജിംഗ്: ചൈനയിലെ വൂഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മാരക വൈറസ് ആയിരത്തിലേറെ പേരെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. വൂഹാൻ നോവെൽ കൊറോണ വൈറസ് എന്ന് പേരുള്ള ഈ രോഗാണു ഏകദേശം 1700ലധികം പേരെ ബാധിച്ചിട്ടുണ്ട് എന്നാണ് ലണ്ടനിലെ ഇഎംപീരിയൽ കോളേജിലെ എം.ആർ.സി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ്‌ ഡിസീസ് അനാലിസിസും പറയുന്നത്. കൃത്യമായി പറഞ്ഞാൽ 1723 പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ ചൈനീസ് സർക്കാർ നൽകുന്ന കണക്ക് മറ്റൊന്നാണ്. 41 പേരിൽ മാത്രമാണ് ഇതുവരെ വൂഹാൻ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണെന്നും രണ്ട് പേർ മരണമടഞ്ഞിട്ടുണ്ടെന്നും ചൈനീസ് സർക്കാർ പറയുന്നു.

രോഗികളുമായി ബന്ധം പുലർത്തിയ 763 പേരെ വൂഹാൻ ഭരണകർത്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ 313 പേർ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമാണ്. ചൈനയിൽ നിന്നും ജപ്പാനിലേക്കും തായ്ലൻഡിലേക്കും പോയ മൂന്ന് പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇവർ മൂന്ന് പേരും വൂഹാൻ സിറ്റി അന്തേവാസികളാണ്. ഇവരിൽ നിന്നും രോഗം പകർന്നിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയും വൂഹാനിലെ ആരോഗ്യ സംഘടനകളും പറയുന്നത്. എം.ആർ.സി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ്‌ ഡിസീസ് അനാലിസിസും ഈ സാധ്യതയിലേക്ക് തന്നെ വിരൽ ചൂണ്ടിക്കൊണ്ട് രോഗികളുടെ എണ്ണം കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ വലുതാണെന്നും പറയുന്നു.

ഒരാളെ വൂഹാൻ വൈറസ് ബാധിച്ചുകഴിഞ്ഞാൽ രോഗം കണ്ടുപിടിക്കാൻ 10 ദിവസത്തെ സമയമാണ് വേണ്ടിവരിക. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങാൻ എടുക്കുക നാല് ദിവസവും. പ്രധാനമായും, കടുത്ത പനിയും ശ്വാസം മുട്ടലുമാണ് വൂഹാൻ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ വൂഹാൻ ടിയാൻഹെ എയർപോർട്ടിൽ കൃത്യമായ നിരീക്ഷണ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. 19 മില്ല്യണാണ് വൂഹാൻ സിറ്റിയുടെ ജനസംഖ്യ.