കാൺപൂർ : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയ അമ്മയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ ഇന്നലെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവച്ചു വീഴ്‌ത്തിയ ശേഷം അറസ്റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പർവേസ്, ആബിദ് എന്നിവരെയാണ് പൊലീസ് വെടിവച്ചിട്ടത്.
പതിമ്മൂന്ന് വയസുള്ള പെൺകുട്ടിയെ 2018ലാണ് കാൺപൂർ നഗരത്തിലെ ഒരു തുകൽ സംസ്‌കരണ ശാലയ്‌ക്ക് സമീപം ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളായ മഹബൂബ്, ആബിദ്, പർവേസ്, ചാന്ദ് ബാബു, ജമീൽ, ഫിറോസ് എന്നിവർക്കെതിരെ പെൺകുട്ടിയുടെ അമ്മ ചകേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു
ഇവരിൽ പർവേസും ആബിദും ഒഴികെ നാല് പ്രതികളും
2018ൽ തന്നെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്‌തു. കഴിഞ്ഞ വ്യാഴാഴ്ച പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കേസ് പിൻവലിക്കാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച അമ്മയേയും അവരുടെ സഹോദരിയെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുവരെയും കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 40കാരിയായ അമ്മ വെള്ളിയാഴ്‌ച രാവിലെ മരണമടഞ്ഞു.
നാല് പ്രതികളെ അടുത്ത ദിവസങ്ങളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. പർവേസിനെയും ആബിദിനെയും പറ്റി രഹസ്യ വിവരം കിട്ടിയ പൊലീസ് വെള്ളിയാഴ്ച രാത്രി നഗരത്തിലെ ജജ്മുവാ പ്രദേശത്ത് കെണിയൊരുക്കി കാത്തിരുന്നു. കുടുങ്ങുമെന്നായപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസിന് നേർക്ക് വെടിവയ്‌ക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്റെ വെടിയേറ്റ് ഇരുവരും വീണു.അറസ്റ്റ് ചെയ്‌ത പ്രതികള പൊലീസ് കാൺപൂരിലെ കാൻഷി റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.