savrkkar

മുംബയ്: സവർക്കറിന് ഭാരത രത്നം നൽകുന്നതിനെ എതിർക്കുന്നവർ ആൻഡമാനിലെയും നിക്കോബാറിലെയും സെല്ലുലാർ ജയിലിൽ കുറച്ച് സമയം ചെലവഴിക്കണമെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ജയിലിൽ അദ്ദേഹം നേരിട്ട ത്യാഗവും,​ പ്രയാസങ്ങളും വിമർശകർക്ക് മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നും റാവത്ത് പറഞ്ഞു. സവർക്കർ 14 വർഷം ജയിലിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ശിവസേന നേതാവ് ആദിത്യ താക്കറെ റാവത്തിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തി. ഇത് റാവത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി.ചരിത്രത്തെക്കുറിച്ചല്ല, നിലവിലെ പ്രശ്നങ്ങളെക്കുറിച്ചാണ് പുതിയ മുന്നണി ചിന്തിക്കുന്നത്. ശിവസേന-കോൺഗ്രസ് സഖ്യം സംസ്ഥാനത്തിന്റെ വികസനത്തിനായി ഒത്തുചേർന്നു പ്രവർത്തിക്കുകയാണ്. ചില വിഷയങ്ങളിൽ ഞങ്ങൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ട്. എന്നാൽ ഇതാണ് ജനാധിപത്യമെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.

സവർക്കറിന് ഭരതരത്ന നൽകുന്നത് കോൺഗ്രസ് പാർട്ടി എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഗാന്ധി നടത്തിയ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിനെതിരെയും റാവത്ത് വിമർശനമുന്നയിച്ചു. എന്നാൽ സർക്കാരിനെതിരായ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ അദ്ദേഹം ക്ഷമ ചോദിക്കില്ലെന്നും,​ തന്റെ പേര് ‘രാഹുൽ ഗാന്ധി എന്നാണ് , രാഹുൽ‘ സവർക്കർ ’ എന്നല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി ശിവസേന കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം രാഷ്ട്രീയ വിഷയങ്ങളിൽ ശിവസേനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പാർട്ടിക്കുള്ളിൽ തർക്കത്തിനിടയാക്കുന്ന പല വിഷയങ്ങളെക്കുറിച്ചും മുമ്പും റാവത്ത് സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസിൽ നടത്തിയത്.