2050 ഓടെ പത്ത് ലക്ഷം പേരെ ചൊവ്വയിലിറക്കും! പ്രശസ്ത ടെക്നോളജി സംരംഭകനും എഞ്ചിനീയറുമായ ഇലോണ്‍ മസ്‌കിന്റെ വാക്കാണിത്. സ്‌പേസ് എക്‌സ് വിഭാവനം ചെയ്യുന്ന സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശ യാത്രാ വാഹനത്തിന്റെ നിര്‍മാണം ഇതുവരെ പൂർത്തിയായിട്ടില്ല. എങ്കിലും 2050 ഓടെ പത്ത് ലക്ഷം പേരെ ചൊവ്വയിലിറക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് 'അതെ' എന്നാണ് മസ്‌ക് മറുപടിയാണിത്. മസ്കിന്റെ ട്വീറ്റിലാണ് ഇക്കാര്യം പങ്കുവച്ചത്. ചൊവ്വയില്‍ മനുഷ്യ കോളനി നിര്‍മിക്കാനുള്ള മസ്‌കിന്റെ പദ്ധതികള്‍ എങ്ങനെയാണ് എന്ന് വ്യക്തമാക്കുന്നതാണ് മസ്‌കിന്റെ പുതിയ ട്വീറ്റുകള്‍.
താന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെ കുറിച്ചുള്ള വലിയ പദ്ധതികള്‍ ഇലോണ്‍ മസ്‌ക് ഇതിനോടകം രൂപപ്പെടുത്തിക്കഴിഞ്ഞു. ചൊവ്വയില്‍ സ്ഥിരസാന്നിദ്ധ്യമുറപ്പിച്ച് മനുഷ്യനെ ഒരു ഗ്രഹാന്തര ജീവിയാക്കുക എന്ന വലിയൊരു ലക്ഷ്യം ഉള്‍പ്പെടുന്നതാണ് പദ്ധതികള്‍. കേവലം സാഹസികരായ ചിലരെ മാത്രം ചൊവ്വയിലെത്തിക്കാനല്ല മസ്‌കിന്റെ പദ്ധതി. ഒരു ജനതയെ മുഴുവന്‍ കൊണ്ടുപോവണം. നൂറ് സ്റ്റാര്‍ഷിപ്പുകള്‍ നിര്‍മിച്ച് വര്‍ഷം ഒരു ലക്ഷം പേരെ ഭൂമിയില്‍ നിന്നും ചൊവ്വയിലെത്തിക്കണം.
26 മാസത്തെ ഇടവേളയിലാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് വരിക. 1000 സ്റ്റാര്‍ഷിപ്പുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം. ദൂരം ഏറ്റവും കുറയുന്നസമയത്ത് ആ സ്റ്റാര്‍ഷിപ്പുകളെ ചൊവ്വയിലേക്ക് അയക്കുകയുമാണ് ചെയ്യുക. അതായത് ചൊവ്വയിലേക്കുള്ള യാത്രയില്‍ യാത്രക്കാര്‍ മാസങ്ങളോളം വാഹനത്തില്‍ ചിലവഴിക്കേണ്ടി വരും. ചൊവ്വയിലേക്കുള്ള യാത്രയില്‍ ആര്‍ക്കെല്ലാം പോവാം എന്ന ചോദ്യത്തിന് ആര്‍ക്ക് വേണമെങ്കിലും പോവാമെന്ന് മസ്‌ക് പറഞ്ഞു. പണമില്ലാത്തവര്‍ക്ക് ലോണെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് 'ഫാൽക്കൺ 9' ഫാൽക്കൺ ഹെവി റോക്കറ്റ്സ്' എന്നിവ സ്പേസ് എക്സ് വികസിപ്പിച്ചെടുത്തിരുന്നു. ഇവ കൂടാതെ ബഹിരാകാശ യാത്രികർക്ക് വേണ്ടിയുള്ള 'ഡ്രാഗൺ കാർഗോ ക്യാപ്സ്യൂൾ'സും 'ക്രൂ ഡ്രാഗൺ ഷിപ്പും' സ്പേസ് എക്സിന്റെ നിർമിതികളാണ്. ഇവ ഉപയോഗിച്ച് മസ്ക്കും സ്പേസ് എക്‌സും നടത്തിയ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും വിജയമായിരുന്നു എന്നത് മസ്‌ക്കിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുകയാണ്.