onion

ന്യൂഡൽഹി: രാജ്യത്ത് സവാള വില ഉയർന്നപ്പോൾ സർക്കാർ ഇറക്കുമതി ചെയ്ത ടൺകണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നു. 3400 ടൺ സവാളയാണ് വാങ്ങാൻ ആളില്ലാതെ കിടക്കുന്നത്. ഇന്ത്യൻ സവാളയുടെ അത്ര എരിവും രുചിയും ഇല്ലാത്തതാണ് സവാളയ്ക്ക് ആവശ്യക്കാരില്ലാതാവാൻ കാരണം.

തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. സവാളയുടെ രുചിക്കുറവ് മൂലം സംസ്ഥാനങ്ങളൊന്നും ഇത് വാങ്ങാന്‍ തയ്യാറാകാത്തതിനാൽ, ഇറക്കുമതി സവാള വില കുറച്ച് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരന്റെ തീരുമാനം. കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വാങ്ങാൻ ആളില്ലാത്തതിനാൽ 25 രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സർക്കാരിന് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാവും. ഇറക്കുമതി ചെയ്ത സവാള ഇന്ത്യന്‍ സവാളയേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കേടാകും എന്നതും സർക്കാരിന് വലിയൊരു പ്രതിസന്ധിയാണ്.