തിരുവനന്തപുരം: നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ നന്തൻകോട്, പട്ടം, മരപ്പാലം, നേതാജി ബോസ് റോഡ്, ടി.കെ. ദിവാകരൻ റോഡ്, അമ്പലംമുക്ക്, കനകനഗർ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചവർക്കുള്ള പണി കൈയോടെകൊടുത്ത് ഹെൽത്ത് സ്ക്വാഡ്. നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് 15,​550 രൂപ പിഴ ചുമത്തി രസീത് നൽകിയത്. വെളുപ്പിന് 4നും രാത്രി 11നും ഇടയിലായിരുന്നു പരിശോധന. പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് മലിനീകരണം ഉണ്ടാക്കിയ പട്ടം എൽ.ഐ.സി അധികാരികൾക്ക് 2,​000 രുപ പിഴയും ചുമത്തി. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിന് ജീവനക്കാരെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചായിരുന്നു പരിശോധന. ഇതിനായി ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നഗരസഭ വാക്കി- ടോക്കി നൽകിയിരുന്നു. ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിൽ സൗജന്യമായി കിച്ചൺ ബിന്നും മാലിന്യ ശേഖരണത്തിനായി പ്രത്യേക സംവിധാനങ്ങളുമൊരുക്കിയിട്ടും അത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്താത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ കെ. ശ്രീകുമാറും ഹെൽത്ത് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവും അറിയിച്ചു. കഴിഞ്ഞ ദിവസം അനധികൃതമായി കോഴി മാലിന്യം കടത്തിയ വാഹനം ഐ.പി ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടി 25,​000 രൂപ പിഴ ചുമത്തിയിരുന്നു. നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടറായ എസ്.എസ്. മിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി.ആർ, ജോളിദാസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.