sss
ശബന ആസ്‌മി സഞ്ചരിച്ച കാറിന്റെ തകർന്ന ബോണറ്റ്

മുംബയ്:വിഖ്യാത ചലച്ചിത്ര നടി ശബനാ ആസ്‌മിക്ക് ഇന്നലെ മുംബയ് - പൂനെ എക്സ്‌പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റു. ശബനയെയും ( 69)​ പരിക്കേറ്റ ഡ്രൈവറെയും നവി മുംബയിലെ എം. ജി. എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്‌തർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മുംബയിൽ നിന്ന് അറുപത് കിലോമീറ്റർ അകലെ റായ്ഗ‌ഡ് ജില്ലയിലെ ഖാലപ്പൂരിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. പൂനെയിൽ നിന്ന് മുംബയിലേക്ക് വരികയായിരുന്നു ശബന ആസ്‌മിയും ഭർത്താവും. അവർ സഞ്ചരിച്ച ടാറ്റ സഫാരി എസ്. യു. വി ഓടിക്കൊണ്ടിരുന്ന ഒരു ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ കാറിന്റെ ബോണറ്റും റേഡിയേറ്ററും മുന്നിലെ പാസഞ്ചർ സീറ്റിന്റെ ഭാഗവും പൂർണമായി തകർന്നു. ശബനയും ഭർത്താവും പിൻ സീറ്റിലായിരുന്നു. തലയും മുഖവും മുന്നിലെ സീറ്റിൽ ഇടിച്ചാണ് ശബനയ്‌ക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. മുഖവും കണ്ണും നീര് കെട്ടി വീർത്ത നിലയിലാണ്. കഴുത്തിനും താടിക്കും പരിക്കുണ്ട്. അപകടസ്ഥലത്ത് കുതിച്ചെത്തിയ ഹൈവേ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് ശബനയെ കാറിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിലേക്ക് മാറ്റിയത്.

അഞ്ച് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള ശബനാ ആസ്‌മിയെ 1998ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അങ്കുർ,​ അർത്ഥ്,​ മണ്ഡി തുടങ്ങി നിരവധി സിനിമകളിൽ അതുല്യമായ അഭിനയ മികവ് പ്രകടിപ്പിച്ച നടിയാണ് ശബനാ ആസ്‌മി.