തിരുവനന്തപുരം: ഗവ. ഡെന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടുനിന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 22ന് വൈകിട്ട് 4ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് ഓൾഡ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മേയർ കെ. ശ്രീകുമാർ, ന്യൂഡൽഹി ഗുരു ഗോവിന്ദ്സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. മഹേഷ് വർമ്മ എന്നിവർ വിശിഷ്ടാതിഥികളാകും. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികൾക്കൊപ്പം ഒട്ടേറെ പുതിയ പദ്ധതികളും ഡെന്റൽ കോളേജിൽ ആരംഭിച്ചിരുന്നു.
കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, മികച്ച വിദ്യാഭ്യാസം, തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം എന്നിവ നൽകാനായി ആരംഭിച്ച അലുമ്നി സ്റ്റുഡന്റ് സപ്പോർട്ട് സെൽ എന്ന ചാരിറ്റബിൾ സൊസൈറ്റി, സംസ്ഥാന സർക്കാർ ഒരു കോടി 18 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡെന്റൽ ലബോറട്ടറി, ഡെന്റൽ കോളേജിന്റെ പുതിയ ബ്ലോക്കിന്റെ നിർമ്മാണം എന്നിവ ഇവയിൽ ചിലതാണ്.
പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ എല്ലാ വിഭാഗങ്ങളുടെയും വിപുലീകരണം, പി.ജി സീറ്റുകളുടെ വർദ്ധന, കിടത്തിചികിത്സയ്ക്കുള്ള വാർഡുകൾ, ഓപ്പറേഷൻ തീയേറ്ററുകൾ, പ്രായാധിക്യം ഉള്ളവർക്കുള്ള സമ്പൂർണ ദന്തചികിത്സാ പദ്ധതി എന്നിവ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസിപ്പൽ അനിറ്റാ ബാലൻ അറിയിച്ചു.