prd

നീലക്കുറിഞ്ഞി ഡിപ്ലോമയ്ക്ക് പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത
തിരുവനന്തപുരം: മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത അംഗീകാരം നൽകി ഉത്തരവായി.


ജനറൽ മാനേജർ (ഫിനാൻസ്) ഒഴിവ്
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ സ്ഥിരം ഒഴിവുണ്ട്. എഫ്.സി.എം.എയുടെ എഫ്.സി.എ യോഗ്യത വേണം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഇന്ത്യയിലോ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഇന്ത്യയിലോ അംഗമായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ കമ്പനി സെക്രട്ടറിഷിപ്പ് അഭിലഷണീയം. 15 വർഷം പ്രവൃത്തിപരിചയം വേണം. 44640 - 58640 ആണ് ശമ്പള സ്‌കെയിൽ. 18-50 വയസ്സ് (നിയമാനുസൃത വയസിളവ് ബാധകം) ആണ് പ്രായപരിധി. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 21നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

മെഡിക്കൽ കൗൺസിലിലെ സേവനങ്ങൾക്ക്
20 മുതൽ ഓൺലൈനായി അപേക്ഷിക്കണം
തിരുവനന്തപുരം: ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ വിവിധ സേവനങ്ങൾക്ക് 20 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രൊവിഷണൽ രജിസ്‌ട്രേഷൻ, പെർമനന്റ് രജിസ്‌ട്രേഷൻ, അഡിഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ, എൻ.ഒ.സി, ഗുഡ്സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റ്, പെർമനന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്, പേര്, വിലാസം, ജനനത്തീയതി എന്നിവയിലെ തിരുത്തൽ എന്നീ ആവശ്യങ്ങൾക്കുള്ള അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് www.medicalcouncil.kerala.gov.in ലെ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് സന്ദർശിക്കുക.

ഡി.സി.എ കോഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിലെ മേഖലാ, ഉപകേന്ദ്രങ്ങളിൽ നടന്ന ഡി.സി.എ, ഡി.സി.എ(എസ്), പി.ജി.ഡി.സി.എ കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം lbscentre.kerala.gov.in ൽ ലഭിക്കും. പുന:പരീക്ഷയ്ക്ക് 27വരെ ഫൈനില്ലാതെയും 31വരെ ഫൈനോടുകൂടിയും പരീക്ഷാഫീസ് അതത് സെന്ററുകളിൽ അടയ്ക്കാം.

വനിതാ കമ്മീഷനിൽ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള വനിതാ കമ്മീഷൻ 2019-2020 സാമ്പത്തിക വർഷത്തിലെ മൈനർ/ മേജർ ഗവേഷണ പഠനങ്ങൾക്കായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരങ്ങൾക്ക്: വിലാസം: മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004,​ വെബ്സൈറ്റ്: www.keralawomenscommission.gov.in

ഫോൺ: 0471 2302590, 0471 2307589, 0471 2307390.


സ്‌കോൾ കേരള: കുടിശ്ശിക ഫീസ് അടയ്ക്കാം
തിരുവനന്തപുരം: സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് അഞ്ചാം ബാച്ച് വിദ്യാർത്ഥികൾക്ക് ഫീസ് കുടിശ്ശികയുടെ രണ്ടാം ഗഡു പിഴയില്ലാതെ 31 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി ഏഴ് വരെയും അടയ്ക്കാം.