ന്യൂഡൽഹി∙ കാശ്‌മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡി.എസ്.പി ദാവീന്ദർ സിംഗിന്റെ കേസ് അന്വേഷിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ഔദ്യോഗിക വക്താവ് അറിയിച്ചു. കേസ് എൻ.ഐ.എയ്ക്കു വിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖ് (നഷീദ് ബാബു), അൽതാഫ് എന്നീ ഭീകരരും ഇവരുടെ അഭിഭാഷകൻ ഇർഫാൻ മിർ, അതിഫ് എന്നിവരാണ് സിംഗിനൊപ്പം കഴിഞ്ഞ ദിവസം പിടിയിലായത്. ശ്രീനഗറിൽ സൈനിക ആസ്ഥാനത്തോടു ചേർന്നുള്ള തന്റെ വീട്ടിലായിരുന്നു ദാവീന്ദർ ഭീകരരെ താമസിപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷവും നഷീദ് ബാബുവിനെ ശ്രീനഗറിൽ നിന്ന് പുറത്തെത്താൻ സിംഗ് സഹായിച്ചിരുന്നുവെന്നും വിവരമുണ്ട്. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരു ദാവീന്ദറിനെതിരെ ആരോപണമുന്നയിച്ചിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താൽ തള്ളി. പുൽവാമ ആക്രമണത്തിലടക്കം ദാവീന്ദർ സിംഗിന്റെ ഇടപെടലുകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.