modi-cabinet-

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ന്യുഡെവലപ്മെ‍ന്റ് ബാങ്ക് ചെയർമാനുമായ കെ..വി. കാമത്തിനെ ധനമന്ത്രാലയത്തിൽ സഹമന്ത്രിയാക്കുമെന്നാണ് സൂചന.

ധനമ്ത്രി നിർമ്മല സീതാരമാൻ പ്രഖ്യാപിച്ച് സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകൾ പലതും ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല. ഇതിനിടയിലാണ് മന്ത്രിസഭയിലെ അഴിച്ചുപണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്..

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മോദി കാബിനറ്റിൽ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ മന്ത്രിയായിരിക്കും കെ.വി.കാമത്ത്. ഐ.സി. ഐ.സി.ഐ ബാങ്കിന്റെയും, ഇൻഫോസിസിന്റെയും മുൻ ചെയർമാനും നിലവിൽ ന്യൂഡവലപ്മെന്റ് ബാങ്കിന്റെ ചെയർമാനുമാണ് കെ.വി. കാമത്ത്. സാമ്പത്തിക രംഗത്ത് പരിചയസമ്പത്തുള്ള കാമത്തിലൂടെ മാന്ദ്യം മറികടക്കാനുള്ള പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം.

കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി പശ്ചിമബംഗാളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകൻ സ്വപൻദാസ് ഗുപ്തയെ പരിഗണിച്ചേക്കും. ശിവസേനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ സുരേഷ്പ്രഭുവിനെ തിരിച്ചുകൊണ്ടുവന്നേക്കും. ദക്ഷിണേന്ത്യയിൽ നിന്ന് പുതിയ മന്ത്രിമാർ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. കേരളം, പശ്ചിമബംഗാൾ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാവും മന്ത്രിസഭാ പുനഃസംഘടന.